ദുരിതം കണ്ടറിഞ്ഞും ആശ്വസിപ്പിച്ചും

Sunday 22 July 2018 7:00 am IST
രാവിലെ കൊച്ചിയില്‍ നിന്ന് ഹെലിക്കോപ്ടറില്‍ ആലപ്പുഴയിലെത്തിയ കേന്ദ്ര സംഘം കുട്ടനാട്ടിലെ ദുരിതബാധിത മേഖലകള്‍ ആകാശത്ത് നിന്ന് വീക്ഷിച്ചു. പിന്നാലെ സംഘം കോമളപുരത്തെ ലൂഥറന്‍സ് സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോയി.

ആലപ്പുഴ/കോട്ടയം: മഴക്കെടുതിയിലെ ദുരിതക്കാഴ്ചകള്‍ നേരില്‍ കണ്ടും ദുരിതബാധിതരെ ആശ്വസിപ്പിച്ചും കേന്ദ്രമന്ത്രിമാര്‍ ആലപ്പുഴയിലും കോട്ടയത്തും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണ് വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്രസര്‍ക്കാര്‍ ദുരിതബാധിതര്‍ക്കാപ്പമുണ്ടാകുമെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവര്‍ ഉറപ്പ് നല്‍കി. 

രാവിലെ കൊച്ചിയില്‍ നിന്ന് ഹെലിക്കോപ്ടറില്‍ ആലപ്പുഴയിലെത്തിയ കേന്ദ്ര സംഘം കുട്ടനാട്ടിലെ ദുരിതബാധിത മേഖലകള്‍ ആകാശത്ത് നിന്ന് വീക്ഷിച്ചു. പിന്നാലെ സംഘം കോമളപുരത്തെ ലൂഥറന്‍സ് സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോയി. 

അവിടെ അടുക്കളയും മറ്റും നോക്കിയ കേന്ദ്രമന്ത്രിമാര്‍ തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ അന്തേവാസികളുമായി ആശയവിനിമയം നടത്തി. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടോയെന്നും ചികിത്സാ സഹായം ലഭിക്കുന്നുണ്ടോയെന്നും മന്ത്രിമാര്‍ ആരാഞ്ഞു. ക്യാമ്പിലെ മൊത്തം അന്തരീക്ഷത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രിമാര്‍ 15 മിനിറ്റോളം അവിടെ ചെലവഴിച്ച ശേഷമാണ് കുട്ടനാട്ടിലേക്കു പോയത്. 

ജെട്ടിയില്‍ നിന്ന് ബോട്ടുമാര്‍ഗം സീറോ ജെട്ടിയിലേക്കും കുപ്പപ്പുറം സ്‌കൂളിലെ ക്യാമ്പിലേക്കും പോയ സംഘത്തിന് കുട്ടനാട്ടിലെ ദുരിതക്കാഴ്ചകള്‍ വിവരണാതീതമായിരുന്നു. വെള്ളംകയറിയ വരമ്പിലൂടെ നടന്നാണ് മന്ത്രിമാര്‍ ക്യാമ്പുകളില്‍ എത്തിയത്. കുടിവെള്ളം കിട്ടാത്തതിന്റെയും മറ്റും പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ ചിലര്‍ മന്ത്രിമാരെ ധരിപ്പിച്ചു. ആവശ്യത്തിനു വെള്ളം, ബോട്ടുമാര്‍ഗവും മറ്റും എത്തിക്കുന്നതായി അവര്‍ പറഞ്ഞു. കണ്ണീരോടെയാണ് ദുരിതബാധിതര്‍ വിഷമങ്ങള്‍ വിശദീകരിച്ചത്. മട വീണ് കൃഷിനശിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും കേന്ദ്രസംഘം വിലയിരുത്തി.

കോട്ടയം ചെങ്ങളത്തുള്ള ദുരിതാശ്വാസ ക്യാമ്പിലെത്തിയ റിജിജു, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരോട് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. കുമരകം ചന്തക്കവലയിലേക്ക് പോയ കേന്ദ്രമന്ത്രിമാര്‍ വീണ്ടും ദുരിതാശ്വാസക്യാമ്പില്‍ തിരിച്ചെത്തി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമ്പില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യം ഒരുക്കാത്തതില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് തന്നെ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തിന് കര്‍ശന നിര്‍ദേശം നല്‍കി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.