ജലന്ധര്‍ പീഡനം: കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു

Sunday 22 July 2018 12:10 pm IST

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികരോപണം ഉന്നയിച്ച കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ആരോപണം ഉന്നയിച്ചട കന്യാസ്ത്രീയെ അപായപ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിഷപ്പിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികള്‍ രംഗത്ത് എത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ സുരക്ഷ കൂട്ടിയിരിക്കുന്നത്. കന്യാസ്ത്രീയെ പിന്തുണയ്ക്കരുതെന്ന് സഭ നേരത്തെ വിശ്വാസികളോട് നിര്‍ദ്ദേശിച്ചിരുന്നു. 

അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുന്നത് വൈകും. കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് നല്‍കിയ പരാതി കൂടി പരിശോധിച്ച ശേഷമേ ബിഷപ്പിനെ ചോദ്യം ചെയ്യുകയുള്ളൂ. പരാതികളില്‍ വ്യക്തത വരുത്തുന്നതിനായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

പതിനെട്ടോളം കന്യാസ്ത്രീകള്‍ തിരുവസത്രം ഉപേക്ഷിച്ച് മഠത്തില്‍ നിന്ന് പുറത്ത് വന്നു എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഇവര്‍ ഏത് സാഹചര്യത്തിലാണ് തിരുവസ്ത്രം ഉപേക്ഷിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ അടുത്ത് നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ, ഇതിനെ തുടര്‍ന്നാണോ ഇവര്‍ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.