കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസം

Monday 23 July 2018 1:10 am IST
കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കുരുമുളക് വിപണിയില്‍ സത്വരമാറ്റം കൊണ്ടു വന്നതായി വ്യാപാരികള്‍ പറയുന്നു. കിലോയ്ക്ക് 300 രൂപയിലേക്കു വരെ വിലയിടിഞ്ഞ കുരുമുളകിന്റെ വിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 50 രൂപയുടെ വര്‍ധനവുണ്ടായി. ആസിയാന്‍ കരാറിന്റെ പരിമിതികള്‍ നിലനില്‍ക്കേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മികച്ച നടപടികളാണ് വിപണിക്ക് ഊര്‍ജം പകര്‍ന്നതെന്ന് മലഞ്ചരക്ക് വ്യാപാരിയായ ഷഫീഖ് അഹമ്മദ് പറയുന്നു.

കൊച്ചി: പ്രതിസന്ധിയിലായ കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. രണ്ടുവര്‍ഷമായി വിലയിടിഞ്ഞുകൊണ്ടിരുന്ന കുരുമുളക് വിപണി ഒരിടവേളയ്ക്കുശേഷം ഉയിര്‍ത്തെഴുന്നേറ്റു. കേന്ദ്രവാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന്റെ ഇടപെടലുകളാണ് കുരുമുളക് വിപണിയുടെ തകര്‍ച്ചയെ പിടിച്ചുനിര്‍ത്തിയത്. 

കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കുരുമുളക് വിപണിയില്‍ സത്വരമാറ്റം കൊണ്ടു വന്നതായി വ്യാപാരികള്‍ പറയുന്നു. കിലോയ്ക്ക് 300 രൂപയിലേക്കു വരെ വിലയിടിഞ്ഞ കുരുമുളകിന്റെ വിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 50 രൂപയുടെ വര്‍ധനവുണ്ടായി. ആസിയാന്‍ കരാറിന്റെ പരിമിതികള്‍ നിലനില്‍ക്കേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മികച്ച നടപടികളാണ് വിപണിക്ക് ഊര്‍ജം പകര്‍ന്നതെന്ന് മലഞ്ചരക്ക് വ്യാപാരിയായ ഷഫീഖ് അഹമ്മദ് പറയുന്നു.കിലോയ്ക്ക് 750 രൂപവരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വിപണി പ്രതിസന്ധി  നേരിട്ടുതുടങ്ങിയത് 2016 അവസാനത്തോടെയാണ്. വിപണിവില കിലോയ്ക്ക് 400 രൂപയില്‍ താഴെയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുരുമുളകിന്റെ മിനിമം ഇറക്കുമതി വില 500 രൂപയാക്കി ഉത്തരവിറക്കി. 

ഇതോടെ സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് പ്രകാരം സാഫ്റ്റ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് എട്ട് ശതമാനം ഇറക്കുമതി നികുതി കൂടി നല്‍കി കിലോയ്ക്ക് 540 രൂപ നിരക്കില്‍ കുരുമുളക് ഇറക്കുമതി ചെയ്യാമെന്നായി. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അല്ലാത്ത മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് 52 ശതമാനവും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവയ്ക്ക് 75 ശതമാനവും നികുതി നല്‍കണം. മിനിമം 540 രൂപയ്‌ക്കേ കുരുമുളക് ഇറക്കുമതി ചെയ്യാനാവൂ എന്ന നിബന്ധന വന്നതോടെ കുരുമുളക് വ്യാപാരരംഗത്തെ കുത്തക കമ്പനികളടക്കം കള്ളക്കടത്ത് മാര്‍ഗത്തിലൂടെ കുരുമുളക് ഇറക്കുമതി വ്യാപകമാക്കി. വിയറ്റ്‌നാമില്‍ നിന്നടക്കമുള്ള കുരുമുളക് ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ വഴി വ്യാപകമായി ഇന്ത്യയില്‍ കള്ളക്കടത്തുമാര്‍ഗത്തിലൂടെ എത്തിയതോടെ വിപണി തകര്‍ന്നു. മിനിമം ഇറക്കുമതി വില 500 ആക്കിയെങ്കിലും കുരുമുളക് നിയന്ത്രിത ഉല്‍പന്നങ്ങളുടെ പട്ടികയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഇതിനിടെ നിയന്ത്രിത ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ലഭ്യമായിരുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് വന്‍കിടക്കാര്‍ ഇറക്കുമതി നടത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ഇറക്കുമതി വിലയുടെ പ്രയോജനം അട്ടിമറിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

  

കുരുമുളക് കള്ളക്കടത്ത് തടയാന്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുകയായിരുന്നു. കുരുമുളക് കടത്ത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യു, ധനകാര്യമന്ത്രാലയങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് പ്രഭു  ആവശ്യപ്പെട്ടു. അതിര്‍ത്തികളില്‍ നിരീക്ഷണം കര്‍ശനമാക്കാനും കളളക്കടത്ത് തടയാന്‍ വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കസ്റ്റംസിനും അദ്ദേഹം നിര്‍ദേശം നല്‍കി. നിയന്ത്രിത ഉല്‍പന്നങ്ങളുടെ പട്ടികയില്‍നിന്നും നിരോധിത ഉല്‍പന്നങ്ങളുടെ പട്ടികയിലേക്ക് കുരുമുളകിനെ മാറ്റുകയും ചെയ്തു. ഇതോടെ ഏറ്റവും കുറഞ്ഞത് കിലോയ്ക്ക് 540 രൂപനല്‍കാതെ  ആര്‍ക്കും കുരുമുളക് ഇറക്കുമതി സാധ്യമല്ലാതായി. കുരുമുളക് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലെമന്റില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുരുമുളകിന് താങ്ങുവില പ്രഖ്യാപിക്കുന്നത് പരിഗണിക്കാന്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.