സഭാ നവീകരണ പ്രസ്ഥാനങ്ങള്‍ സമരം ശക്തമാക്കുന്നു

Monday 23 July 2018 1:15 am IST

കൊച്ചി: ലൈംഗിക പീഡനാരോപണങ്ങളിലും അഴിമിതിയിലും മുങ്ങിക്കുളിച്ച ക്രൈസ്തവ സഭയ്‌ക്കെതിരെ സഭാ നവീകരണ പ്രസ്ഥാനങ്ങള്‍ സമരം ശക്തമാക്കുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പുറത്താക്കുക, കള്ളം പറയുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെക്കുക, സ്ത്രീപീഡനാരോപിതരായ പുരോഹിതരെ പുറത്താക്കി നിയമത്തിനു വിട്ടുകൊടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭാ നവീകരണ പ്രസ്ഥാനങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ധര്‍ണ നടത്തി.

കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ടും ജലന്ധര്‍ ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതും കോടികളുടെ ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്തിയ കര്‍ദിനാളിനെ പുറത്താക്കാത്തതുമാണ് സമരം ശക്തമാക്കാന്‍ നവീകരണ പ്രസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്. കുമ്പസാരത്തിന്റെ മറവില്‍ പുരോഹിതര്‍ വിശ്വാസികളായ സ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങളും സമരത്തിന് കാരണമായി. 

കേരള കത്തോലിക്ക സഭാ നവീകരണ പ്രസ്ഥാനം, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, ഓള്‍ കേരള ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഗാന്ധി സ്മൃതി സമിതി എന്നീ സംഘടനകളാണ് സമരത്തില്‍ പങ്കെടുത്തത്. കെ.ജെ.പീറ്റര്‍ ഭക്തിഗാനം ആലപിച്ചാണ് ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ജോസഫ് വര്‍ഗീസ്, ഷാജു തറപ്പേല്‍,ജോര്‍ജ് മൂലേച്ചാലില്‍, ജോര്‍ജ് ജോസഫ്, അഡ്വ. സി.ജെ.ജോസ്, അഡ്വ. ഇന്ദുലേഖ ജോസഫ്, ജോസഫ് വെളിവില്‍, ഇ.ആര്‍.ജോസഫ്, സില്‍വി സുനില്‍, സ്റ്റാന്‍ലി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.