അശരണര്‍ക്ക് ആശ്വാസമായി സേവാഭാരതിയുടെ 'സുധാര പദ്ധതി' ആരംഭിച്ചു

Monday 23 July 2018 1:17 am IST

തൃശൂര്‍: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നിര്‍ധന രോഗികള്‍ക്ക് വേണ്ടിയുള്ള   സേവാഭാരതിയുടെ സുധാര പദ്ധതിക്ക്  തൃശൂരില്‍ തുടക്കം. ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസിനു വരുന്ന രോഗികളില്‍ നിന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുന്ന നിര്‍ധനരുടെ ഡയാലിസിസ് ചെലവ് സേവാഭാരതി വഹിക്കുന്നതാണ് സുധാര പദ്ധതി. ആദ്യഘട്ടത്തില്‍ ദിവസേന അഞ്ചു പേരുടെ ചെലവാണ് സേവാഭാരതി വഹിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കും.

ജില്ലാ ആശുപത്രി ലക്ചര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള സമൂഹത്തിന് വേണ്ടി മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് രോഗമാണ് എന്ന ഭയമാണ് ഇന്ന് മനുഷ്യനെ പിടികൂടിയിരിക്കുന്നത്. ഈ ഭയത്തില്‍ നിന്നാണ് പലരോഗങ്ങളും ഉണ്ടാവുന്നത്. ജീവിത ശൈലിയിലെ മാറ്റവും മനുഷ്യനെ രോഗത്തിന്റെ കൈകളിലെത്തിക്കുകയാണ്. പല കാരണങ്ങള്‍ കൊണ്ടും രോഗികളായി തീര്‍ന്നവര്‍ക്ക് മരുന്നുകളേക്കാളേറെ ആവശ്യമായിട്ടുള്ളത് മറ്റുള്ളവരുടെ ശ്രദ്ധയും കാരുണ്യവുമാണ്. ആ രംഗത്ത് സേവാഭാരതി നടത്തുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും കുമ്മനം പറഞ്ഞു.

എലൈറ്റ് ആശുപത്രി മാനേജിങ് പാര്‍ട്ണര്‍ ഡോ.കെ.സി.പ്രകാശന്‍, കുമ്മനം രാജശേഖരനെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടറും സേവാഭാരതി ആജീവനാന്ത അംഗവുമായ  ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം ആശുപത്രി അധികൃതര്‍ക്ക് നല്‍കുന്നത്. ഇതിനു പുറമെ സേവാഭാരതിക്ക് നേരിട്ട് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കും. 

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടി.എസ്.പട്ടാഭിരാമന്‍ അഞ്ചു ലക്ഷം രൂപ വേദിയില്‍ സേവാഭാരതി അധികൃതര്‍ക്ക് കൈമാറി. നിര്‍ധനരായ അഞ്ചു രോഗികള്‍ക്കുള്ള ചികിത്സാ സഹായധനം സേവാഭാരതി തൃശൂര്‍ മഹാനഗര്‍ പ്രസിഡന്റ് പ്രൊഫ.പി.വി.ഗോപിനാഥന്‍ വിതരണം ചെയ്തു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍, ഡോ.രാജഗോപാല്‍, വേണുഗോപാല്‍ പൊന്നേത്ത്, പി.എസ്.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.