ജിഎസ്ടിയില്‍ നികുതിയിളവ്; പ്രതിപക്ഷത്തിന് തിരിച്ചടി

Monday 23 July 2018 2:54 am IST

ന്യൂദല്‍ഹി: ചരക്ക് സേവന നികുതി തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനൊരുങ്ങിയ പ്രതിപക്ഷത്തിന് തിരിച്ചടിയായി നികുതിയിളവുകള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം 88 ഉല്‍പന്നങ്ങളുടെ നികുതി കുറച്ചു. പതിനായിരം കോടി രൂപയുടെ വരെ നികുതിയിളവാണ് ഇരുപത്തെട്ടാമത് യോഗത്തില്‍ ഉണ്ടായത്. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. 

 ഇനിയുള്ള കൗണ്‍സില്‍ യോഗങ്ങളിലും കൂടുതല്‍ നികുതിയിളവുകള്‍ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇത് തിരിച്ചടിയാകുമെന്ന ആശങ്കയിലുള്ള പ്രതിപക്ഷം വ്യാജ ആരോപണങ്ങളുന്നയിച്ച് നടപടിയെ ഇകഴ്ത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തീരുമാനമെന്ന് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും അഴിമതി കേസിലെ പ്രതിയുമായ പി. ചിദംബരം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ചപ്പോഴും തെരഞ്ഞെടുപ്പിനെ പഴിചാരി ചിദംബരം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഒരു സംസ്ഥാനത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെയാണ് കോണ്‍ഗ്രസ്സിന്റെ വ്യാജ പ്രചാരണം. 

 സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കിയതും മോദി വിരുദ്ധര്‍ക്ക് പ്രഹരമായി. പന്ത്രണ്ട് ശതമാനം നികുതിയാണ് ഈടാക്കിയിരുന്നത്. 

ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് 13 ശതമാനത്തിലധികമായിരുന്നു നികുതി. സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ചുമത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധതയാണെന്നാരോപിച്ച് ഇടതുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെപ്പോലും അപഹസിച്ച് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇവര്‍ പ്രചാരണം നടത്തി. തീരുമാനത്തെ സന്നദ്ധ സംഘടനകള്‍ സ്വാഗതം ചെയ്‌തെങ്കിലും പ്രതിപക്ഷം മൗനത്തിലാണ്. 

 2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി നടപ്പിലാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരം നടപ്പിലാക്കുമ്പോള്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ നേരിട്ടിരുന്നു. ഇത് സര്‍ക്കാരിനെതിരായ പ്രചാരണത്തിന് പ്രതിപക്ഷം ഉപയോഗിക്കുകയും ചെയ്തു. 

ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചുവരികയാണ് സര്‍ക്കാര്‍. ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഉത്പന്നങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 191 എണ്ണത്തിന്റെ നികുതി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 

ഡിജിറ്റല്‍ ക്യാമറ, ഓട്ടോമൊബൈല്‍സ്, വീഡിയോ റെക്കോര്‍ഡര്‍ തുടങ്ങി 35 ഉല്‍പന്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്ന നിരക്കിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.