മഴക്കാലം: കെഎസ്ഇബി ഇതുവരെ വിറ്റത് 66.79 കോടിയുടെ വൈദ്യുതി

Monday 23 July 2018 3:09 am IST
205.527 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതുവഴി വിറ്റത്. 2.81 മുതല്‍ 5.91 രൂപവരെയാണ് യൂണിറ്റിന്റെ ശരാശരി വില. 3.25 രൂപ വച്ച് വില കണക്കാക്കുമ്പോഴാണ് ഇത്രയധികം രൂപ കെഎസ്ഇബിയ്ക്ക് നേട്ടം ഉണ്ടായതായി വ്യക്തമാകുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി വിറ്റത് ജൂലൈ 21ന് ആണ്, 11.2315 ദശലക്ഷം യൂണിറ്റ് 3.41 രൂപയ്ക്കാണ് അന്ന് മാത്രം വിറ്റത്.

ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുമ്പോള്‍ നേട്ടമുണ്ടാക്കി വൈദ്യുതി വകുപ്പ്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 66.793 കോടിയുടെ വൈദ്യുതിയാണ് പവര്‍ എക്‌സ്‌ചേഞ്ച് വഴി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കെഎസ്ഇബി വിറ്റത്.

205.527 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതുവഴി വിറ്റത്. 2.81 മുതല്‍ 5.91 രൂപവരെയാണ് യൂണിറ്റിന്റെ ശരാശരി വില. 3.25 രൂപ വച്ച് വില കണക്കാക്കുമ്പോഴാണ് ഇത്രയധികം രൂപ കെഎസ്ഇബിയ്ക്ക് നേട്ടം ഉണ്ടായതായി വ്യക്തമാകുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി വിറ്റത് ജൂലൈ 21ന് ആണ്, 11.2315 ദശലക്ഷം യൂണിറ്റ് 3.41 രൂപയ്ക്കാണ് അന്ന് മാത്രം വിറ്റത്.

ഇതുകൂടാതെ വിവിധ വ്യാപാരികള്‍ നേരിട്ട് 16.1348 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇക്കാലയളവില്‍ വകുപ്പില്‍ നിന്ന് നേരിട്ട് വാങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം കടം വാങ്ങിയ ഇനത്തിലുള്ള 38.6088 ദശലക്ഷം യൂണിറ്റ് ഇതുവരെ തിരികെ നല്‍കി. 

സാധാരണ പരമാവധി വെള്ളം സംഭരിച്ച് വയ്ക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെങ്കിലും വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വേനല്‍ക്കാലത്ത് അടക്കം വകുപ്പിന് ഇതിലും കൂടുതല്‍ തുക നല്‍കി പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. 

തുടര്‍ച്ചയായ വേനല്‍ മഴയ്ക്ക് പിന്നാലെ മണ്‍സൂണും ശക്തിപ്രാപിച്ചതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുത്തനെ കൂടിയതാണ് സഹായകമായത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 81 ശതമാനം വെള്ളമാണ് സംസ്ഥാനത്തെ സംഭരണികളിലാകെ ഉള്ളത്. ഇതുപയോഗിച്ച് 3337.27 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. 2017ല്‍ ഇതേസമയം 1009.364 ദശലക്ഷം യൂണിറ്റായിരുന്നു ഇത്. 

സംസ്ഥാനത്തിനു പുറമെ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ ദിവസങ്ങളായി 200 മെഗാവാട്ടിന്റെ കുറവ് ഉണ്ട്. ജാബുവ താപ വൈദ്യുത നിലയത്തിലെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നാണിത്. ശരാശരി 20-35 ശതമാനത്തിന് ഇടയിലായിരുന്ന ആഭ്യന്തര ഉല്‍പാദനം അഞ്ച് ദിവസമായി ഇതോടെ 50 ശതമാനവും കടന്നു മുന്നിലെത്തി. 

ശനിയാഴ്ച 32.0866 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 62.1994 ആയിരുന്നു. നിലവില്‍ പരമാവധി 36 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് വകുപ്പിന് ദിവസവും ഉല്‍പാദിപ്പിക്കാനാകുക. 

ഇടുക്കി, ശബരിഗിരി, ഷോളയാര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതാണ് കുറയാന്‍ കാരണം. ഇവ കൂടി പ്രവര്‍ത്തനമാരംഭിച്ചാല്‍ 10 ദശലക്ഷം യൂണിറ്റ് കൂടി ഉല്‍പാദിപ്പിക്കാനാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.