അധികാരം ജനങ്ങള്‍ക്കുവേണ്ടി മാത്രം: കുമ്മനം

Monday 23 July 2018 3:36 am IST

തൃശൂര്‍: അധികാരം ജനങ്ങള്‍ക്കും ജനഹിതത്തിനും വേണ്ടിയുള്ളതാണെന്ന് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. തൃശൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമല്ല ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ് വലുത്. ഒന്നാമതായും രണ്ടാമതായും മൂന്നാമതായും എനിക്ക് നിറവേറ്റാനുള്ള കര്‍ത്തവ്യം ജനങ്ങളോടാണ്. 

മിസോറാം മുതലായ വടക്കു -കിഴക്കന്‍ സംസ്ഥാനങ്ങളെ സപ്തസഹോദരിമാര്‍ എന്നാണ് വിളിക്കുന്നത്. സഹോദരിയെ സംരക്ഷിക്കാനുള്ള ചുമതല ഏല്‍പ്പിക്കപ്പെട്ട ഒരു സഹോദരനാണ് ഞാന്‍. മിസോറാമിലെ ഒരു പഴമൊഴി പ്രകാരം ശരിയുടെ പാതകള്‍ കീഴ്ക്കാംതൂക്കാണ്, തെറ്റിന്റെ പാതകള്‍ നിരപ്പായതും. കീഴ്ക്കാംതൂക്കായ പാതയിലൂടെ പ്രയാസപ്പെട്ട് പ്രവര്‍ത്തിച്ച് സഹോദരിയുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് എന്നെ ഏല്‍പ്പിച്ച ദൗത്യം. അത് ഭംഗിയായി നിര്‍വഹിക്കാന്‍ നിങ്ങളുടെയെല്ലാം അനുഗ്രഹം തേടിയാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത്. ബഹുസ്വരതയിലൂന്നിയ സാംസ്‌കാരിക ഐക്യമാണ് ഭാരതത്തിനുള്ളത്. അത് കാത്തു സൂക്ഷിക്കാന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ജാതി-മത ചിന്തകള്‍ക്കതീതമായി ഞാനൊരു ഭാരതീയനാണെന്നതില്‍ അഭിമാനവും ഭരണഘടനയോട് ബഹുമാനവും ഉള്ള സമൂഹമാണ് നമുക്കു വേണ്ടത്. എന്റെ നാടിന്റെ കാലം വന്നു എന്ന് ഓരോ ഭാരതീയനും ആത്മാഭിമാനത്തോടെ പറയുന്ന കാലത്താണ് ഭാരതം ലോകത്തിന്റെ നെറുകയിലെത്തുന്നത്. ജ്ഞാനപ്പാനയിലെ കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളേ എന്നു തുടങ്ങുന്ന വരികള്‍ ചെറുപ്പം മുതലേ ചൊല്ലി പഠിച്ചവനായതു കൊണ്ട് വന്ന വഴി ഞാനൊരിക്കലും മറക്കില്ല. ഇയാള്‍ തലമറന്ന് എണ്ണ തേച്ചു തുടങ്ങി എന്ന് തന്നെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന ഒരു കാലമുണ്ടാവല്ലേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

തൃശൂരിലെ തന്റെ സഹപ്രവര്‍ത്തകരേയും തനിക്ക് പ്രചോദനമായവരേയുമെല്ലാം പേരെടെത്തു പറഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു. ഗവര്‍ണ്ണറായ ശേഷം ആദ്യമായാണ് കുമ്മനം തൃശൂരിലെത്തുന്നത്. രാവിലെ 11.15ന് ടൗണ്‍ഹാളിലെത്തിയ അദ്ദേഹത്തെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സദ്ഭവാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.  മാര്‍ അപ്രേം മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. കുമ്മനത്തെ അനുമോദിക്കാന്‍ കൂടിയ യോഗത്തില്‍ അധ്യക്ഷനാവാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്ന് മാര്‍ അപ്രേം പറഞ്ഞു. കുമ്മനത്തിന്റെ ഗവര്‍ണ്ണര്‍ പദവി കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടമായിരിക്കാമെങ്കിലും, നാടിന് അഭിമാനവും ലാഭവുമാണ്. മിസോറാം പോലെയുള്ള ഒരു നല്ല സംസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ ഒരു നല്ല വ്യക്തിയുടെ കൈകളിലാണ് എത്തിയിരിക്കുന്നതെന്നും മാര്‍ അപ്രേം പറഞ്ഞു. 

 നൂറു വയസ്സ് തികഞ്ഞ വിദ്യാഭ്യാസ വിചക്ഷണനും മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ പി.ചിത്രന്‍ നമ്പൂതിരിപ്പാടിനെ കുമ്മനം ആദരിച്ചു. മാര്‍ അപ്രേം മെത്രാപ്പൊലീത്ത കുമ്മനത്തിന് തൃശൂരിന്റെ സ്‌നേഹോപഹാരം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.വി.എസ്.വിജയന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.ടി.ചന്ദ്രശേഖരന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ് സി.എ.സലീം, കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍,  കലാമണ്ഡലം ഗോപി, കെപിഎംഎസ് ഉപദേശക സമിതി അംഗം ടി.വി.ബാബു, കെ.എ.ഉണ്ണികൃഷ്ണന്‍, വിപിന്‍ കൂടിയേടത്ത് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.