ബെംഗളൂരുവിലെ ആഡംബര ക്ലബ്ബിലെ ലോക്കറില്‍ കോടികള്‍

Monday 23 July 2018 3:46 am IST

ബെംഗളൂരു: നഗരത്തിലെ ആഡംബര ക്ലബ്ബിലെ മൂന്ന് ലോക്കറില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ശക്തമാക്കുന്നു. സമ്പന്നരുടെ ക്ലബ്ബായ ബൗറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വര്‍ഷമായി തുറക്കാതിരുന്ന മൂന്ന് ലോക്കറുകള്‍ പരിശോധിച്ചപ്പോഴാണ് ആറു ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 550 കോടി രൂപ മൂല്യം വരുന്ന പണം, ആഭരണങ്ങള്‍, പ്രമാണങ്ങള്‍, ചെക്കുകള്‍ എന്നിവ കണ്ടെത്തിയത്. 

ഗുജറാത്ത് സ്വദേശിയും വര്‍ഷങ്ങളായി ശാന്തിനഗറില്‍ താമസിക്കുന്ന വ്യവസായി അവിനാഷ് അമര്‍ലാല്‍ (46)ന്റേതായിരുന്നു ലോക്കറുകള്‍. നികുതി വെട്ടിച്ചതിന് നേരത്തെയും ഇയാള്‍ക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിട്ടുള്ളതാണ്. ഇതോടെ അനധികൃത സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നഗരത്തിലെ ആഡംബര ക്ലബുകളിലെ ലോക്കറുകള്‍ ഉപയോഗിക്കുന്നതായി ആദായ നികുതി വകുപ്പിന് ഉറപ്പായി. മറ്റ് ക്ലബ്ബുകളിലെ രേഖകള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് നീക്കം ആരംഭിച്ചു. 

നഗരത്തിലെ നിരവധി ക്ലബ്ബുകളില്‍ അംഗമാണ് അവിനാഷ് അമല്‍ലാല്‍. ഇയാള്‍ക്ക് മറ്റു ക്ലബ്ബുകളിലും ലോക്കറുകള്‍ ഉണ്ട്. ഇവ തുറന്ന് പരിശോധിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. ഇതോടൊപ്പം ആദായനികുതി വകുപ്പിന്റെ നോട്ടപ്പുള്ളികളായ നഗരത്തിലെ മറ്റു ബിസിനസ്സുകാരും ഇത്തരത്തില്‍ ലോക്കറുകള്‍ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കും. 

എന്നാല്‍ പല ക്ലബ് അധികൃതരും അന്വേഷണത്തോട് നിസ്സഹകരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയമുള്ള ക്ലബ്ബുകള്‍ നിരീക്ഷിക്കാനും രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമ സഹായം തേടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. 

റിയല്‍ എസ്റ്റേറ്റ്, ടയര്‍ ബിസിനസ്സ് നടത്തുന്ന അവിനാഷ് നഗരത്തിലെ സമ്പന്നരില്‍ പ്രമുഖനാണ്. പ്രധാന കെട്ടിട നിര്‍മാതാക്കളുമായി ചേര്‍ന്ന് നിരവധി ഭൂമിയിടപാടുകളില്‍ ഇയാള്‍ പങ്കാളിയാണ്. പല വ്യവസായികള്‍ക്കും ഇയാള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ പണം നല്‍കിയിരുന്നു. 

1993ലാണ് ഇയാള്‍ ക്ലബ്ബില്‍ അംഗമെടുത്തത്. ഇയാളുടെ അമ്മയും ക്ലബ്ബില്‍ അംഗമാണ്. ഇവര്‍ ദിവസവും വൈകിട്ട് കാര്‍ഡ് റൂമില്‍ എത്താറുണ്ട്. എന്നാല്‍ അവിനാഷ് ക്ലബില്‍ എത്താറില്ലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അവസാനമായി എത്തിയത്. 

അവിനാശിനെ ചോദ്യം ചെയ്യുന്നതോടെ രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ആദായ നികുതി വകുപ്പ് അധികൃതരുടെ പ്രതീക്ഷ. രണ്ടു ദിവസമായി ഇയാളുടെയും അടുത്ത സുഹൃത്തുക്കളുടെയും സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിവരികയാണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.