'ഭയങ്ങളെ' ഭയന്നവര്‍ 'മീശ'യ്ക്കായി രംഗത്ത്

Monday 23 July 2018 3:59 am IST

ആലപ്പുഴ: 'ഭയങ്ങള്‍' എന്ന കവിത എഴുതിയതിന്റെ പേരില്‍ പാര്‍ട്ടിയംഗമായിരുന്ന കെ.സി. ഉമേഷ്ബാബുവിനെ സിപിഎം ക്രൂരമായി  വേട്ടയാടിയപ്പോള്‍ മൗനത്തിലൊളിച്ചവര്‍ ഹിന്ദു സ്ത്രീകളെ അധിക്ഷേപിച്ച നോവല്‍ കഥാകൃത്ത് പിന്‍വലിച്ചതില്‍ കണ്ണീരൊഴുക്കുന്നത് വിരോധോഭാസമെന്ന് വിമര്‍ശനം ഉയരുന്നു. 

  ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകളെ അധിക്ഷേപിച്ച നോവല്‍ 'മീശ' മാതൃഭൂമി ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. പ്രതിഷേധം വ്യാപകമായതോടെയാണ് കഥാകൃത്ത് എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചത്. ഇതോടെയാണ് ഒരു വിഭാഗം സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരായി രംഗത്തെത്തിയത്. 

  2007 ഏപ്രില്‍ മാസത്തെ ജനശക്തി വാരികയില്‍ ഭയങ്ങള്‍ എന്ന കവിത എഴുതിയതിന്റെ പേരിലാണ് പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതാവും പാര്‍ട്ടിയംഗവുമായിരുന്ന ഉമേഷ് ബാബുവിനെ സിപിഎം പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെയും കുടുംബത്തെയും നിരന്തരം വേട്ടയാടി. ഇപ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും സൈ്വരമായി ജീവിക്കാന്‍ കഴിയുന്നില്ല. നിരന്തരം ഭീഷണിയും ഊരുവിലക്കും തുടരുന്നു. എതാനും മാസങ്ങള്‍ മുമ്പും അദ്ദേഹത്തിന്റെ വീടിന് നേരെ സിപിഎം അക്രമം അഴിച്ചുവിട്ടു.

   കണ്ണൂര്‍ ജില്ലയില്‍ ഉമേഷ്ബാബുവിനെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. യുക്തിവാദ സംഘത്തിന് പോലും സിപിഎം ഭീഷണിയെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പൊതുവേദികളില്‍ ഉമേഷ്ബാബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ചു. മാതൃഭൂമി പത്രത്തില്‍ എഴുതിയ അരവും കത്തിയും എന്ന ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് പ്രൊഫ. എം.എന്‍. വിജയനെ പിണറായി പക്ഷം വേട്ടയാടാന്‍ തുടങ്ങിയത്. 

 പിന്നീട് പാര്‍ട്ടി പത്രത്തിലൂടെ പിണറായി ഭക്തര്‍ എം.എന്‍. വിജയനെ നിരന്തരം അധിക്ഷേപിച്ച് ലേഖനം എഴുതാന്‍ തുടങ്ങി. ഒടുവില്‍ സിപിഎം നയവൈകല്യത്തിനെതിരെ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണ് മരിച്ചത്. തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ അത് ഇടതുപക്ഷക്കാരാണെങ്കില്‍ പോലും വേട്ടയാടുന്ന, ശാരീരികമായി കൈകാര്യം ചെയ്യുന്നവരാണ് സ്ത്രീവിരുദ്ധ നോവലിനായി ഇപ്പോള്‍ രംഗപ്രവേശം ചെയ്യുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.