കുട്ടനാട്ടില്‍ നരകയാതന തുടരുന്നു

Monday 23 July 2018 4:03 am IST

ആലപ്പുഴ: പ്രളയക്കെടുതിയില്‍ വലയുന്ന കുട്ടനാട്ടുകാരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. ജനരോഷം ശക്തമായതോടെ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ അടിയന്തരമായി കുട്ടനാട്ടിലേക്ക് അയച്ച് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആലപ്പുഴ ജില്ലയില്‍ മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും ഇവിടം കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.

കുട്ടനാട്ടിലേക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ടെന്ന പതിവ് പല്ലവി മന്ത്രിമാരും ഭരണകക്ഷി ജനപ്രതിനിധികളും ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. 

 ഭക്ഷണം കിട്ടുന്നില്ല, വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണം കഴിക്കാനും ഭയമാണ്,  കാരണം കക്കൂസില്ലല്ലോ...  കുട്ടനാട്ടിലെ സ്ത്രീകളുടെ പരിദേവനത്തിലുണ്ട് അവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും ബയോ ടോയ്‌ലെറ്റുകള്‍ ലഭ്യമാക്കുമെന്ന അധികൃതരുടെ പ്രസ്താവന ഇതുവരെ നടപ്പായിട്ടില്ല. വെള്ളവും വെളിച്ചവുമില്ലാതെ, പ്രാഥമികകൃത്യങ്ങള്‍പോലും നിര്‍വഹിക്കാനാതെ ഒന്നേകാല്‍ ലക്ഷം ജനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്നത്.

ഭക്ഷണം പാകംചെയ്യാനുള്ള അവശ്യസാധനങ്ങള്‍പോലും ഇവര്‍ക്കു ലഭ്യമല്ല. നാല്‍പ്പതിനായിരത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യാനും പ്രയാസം നേരിടുന്നു. ചിലയിടങ്ങളില്‍ ഉച്ചഭക്ഷണം വൈകിട്ടാണ് നല്‍കുന്നത്. ക്യാമ്പുകളിലും മറ്റും ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നു തുടങ്ങി. കൂടുതല്‍ എത്തിക്കാന്‍ ജലഗതാഗതം മാത്രമാണു മാര്‍ഗം. ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണം യഥാസമയം നല്‍കാനും കഴിയുന്നില്ല. കിലോമീറ്ററുകള്‍ അകലെയുള്ള ആലപ്പുഴയിലോ, ചങ്ങനാശേരിയിലോ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറുകളിലാണ് ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ലഭിക്കുകയുള്ളൂ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.