അന്നു ഖേദിച്ചവര്‍ക്ക്, ഇപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം

Monday 23 July 2018 4:29 am IST

തിരുവനന്തപുരം: ഹൈന്ദവ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മീശ നോവല്‍ പിന്‍വലിച്ചതിനെതിരെ ആവിഷ്‌ക്കാര സ്വാതന്ത്ര്യക്കാരും സാംസ്‌ക്കാരികക്കാരും ഉറഞ്ഞു തുള്ളുമ്പോള്‍ മറക്കരുത്. കവി പവിത്രന്‍ തീക്കുനിയേയും ചിത്രകാരന്‍ ടോം വര്‍ക്കിയെയും അരമനകളില്‍ വിലപിക്കുന്ന കന്യാസ്ത്രീകളെയും.  കോടിയേരി ബാലകൃഷ്ണനും എം. എ . ബേബിയും മന്ത്രി കവി ജി. സുധാകരനും രമേശ് ചെന്നിത്തലയുമൊക്കെ അറിയണം ആവിഷ്‌കാര സ്വാതന്ത്ര്യം ഏകപക്ഷീയമല്ലെന്ന്. ക്ഷേത്രങ്ങളില്‍ ഹൈന്ദവ സ്ത്രീകള്‍ പോകുന്നത് സംഭോഗത്തിനാണെന്ന നോവലിലെ പരാമര്‍ശമാണ് വന്‍പ്രതിഷേധത്തിന് ഇടയാക്കിയത്. 

ഒരു മതവിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചതിന് പ്രസാധകര്‍ മാപ്പ് പറഞ്ഞ് തടിയൂരിയ സംഭവവും കേരളത്തിലാണ്.  ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രമായിരുന്നു ഖേദപ്രകടനത്തിന് കാരണം. ചിത്രകാരന്‍ ടോം വട്ടക്കുഴി വരച്ച് നല്‍കിയ ചിത്രത്തില്‍ കന്യാസ്ത്രീയെ അര്‍ദ്ധനഗ്നയായി ചിത്രീകരിച്ചിരുന്നു.  കുരിശുമായി സഭാവിശ്വാസികള്‍ തെരുവിലറങ്ങി.  തുടര്‍ന്ന് ആ ലക്കം മുഴുവന്‍ പ്രസാധകര്‍ പിന്‍വലിച്ചു.  പുസ്തകം പിന്‍വലിച്ചതിനെതിരെ ചെന്നിത്തലമാരും ബേബിമാരും  രംഗത്ത് വന്നില്ല. ടോം വട്ടക്കുഴിയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും വേദനയായില്ല.  പ്രതിഷേധിച്ചവരെ കുരിശ് തീവ്രവാദികള്‍ എന്ന് മുദ്രകുത്തിയതുമില്ല. 

'പര്‍ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്' എന്നു തുടങ്ങുന്ന പവിത്രന്‍ തീക്കുനിയുടെ അഞ്ചുവരി ഫേസ്ബുക്ക് കവിതയുടെ ആയുസ് മണിക്കൂറുകള്‍ മാത്രം.  രാത്രി പോസ്റ്റ് ചെയ്ത കവിത നേരം പുലരും മുമ്പ് പിന്‍വലിക്കേണ്ടി വന്നു. പ്രവാചക നിന്ദ നടത്തി എന്ന കുറ്റത്തിന്  പ്രൊഫസറുടെ കൈ വെട്ടിയതു പോലെ കവിയുടെ കൈ വെട്ടുമെന്ന്‌വരെ ഭീഷണി ഉയര്‍ന്നു. കവിയെ സഹായിക്കാന്‍ മന്ത്രി കവിപോലും അന്ന് രംഗത്ത് വന്നില്ല. കവിത പിന്‍വലിക്കരുതെന്ന് പറഞ്ഞവരാരും ഭീഷണി ഉയര്‍ന്നപ്പോള്‍ പ്രതിരോധിച്ചില്ലെന്ന് കവി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

മീശ നോവല്‍ പ്രസിദ്ധീകരിച്ചവര്‍ തങ്ങളുടെ  മാതൃസ്ഥാപനത്തിനു നേരെ നടന്ന അക്രമത്തെക്കുറിച്ചും മറക്കരുത്. മാതൃഭൂമിയുടെ നഗരം പ്രത്യേക പതിപ്പില്‍ ആപ്‌സ് ടോക്ക് പംക്തിയില്‍  പ്രവാചകന്‍ മുഹമ്മദ് നബിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വന്നത് ഓഫീസ് അടിച്ചു തകര്‍ക്കലിലാണ് കലാശിച്ചത്. മലബാര്‍ മേഖലയില്‍ അമ്പതിനായിരം കോപ്പികള്‍ കുറഞ്ഞതോടെ  പത്രാധിപര്‍ നിരുപാധികം മാപ്പു പറഞ്ഞ് തടിയൂരി. ഹിന്ദു സ്ത്രീകളെ അധിക്ഷേപിച്ചപ്പോള്‍ ഖേദപ്രകടനമില്ല. ആവിഷ്‌ക്കാരപ്രശ്‌നമമായി അതു മാറ്റി. പ്രതിഷേധിക്കുന്നവര്‍ ഹിന്ദു തീവ്രവാദികളായി. 

കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ വിലാപങ്ങളെക്കുറിച്ചും  'മീശ'യ്ക്കായി വാതോരാതെ വാദിക്കുന്നവര്‍ അറിഞ്ഞ ലക്ഷണമില്ല. കുമ്പസര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ നാലു വൈദികര്‍ പീഡിപ്പിച്ചു. തന്നെ പീഡിപ്പിച്ചെന്ന് വീട്ടമ്മ എഴുതി നല്‍കിയിട്ടും സാംസ്‌ക്കാരിക ബുദ്ധിജീവികളുടെ ഇടയില്‍ ചര്‍ച്ചയായില്ല. ജീവിതകാലം മുഴുവന്‍ സന്ന്യാസ വ്രതം സ്വീകരിച്ച  കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിനെക്കുറിച്ച് ഒരു പത്രക്കുറിപ്പു പോലും ഇറക്കാന്‍ തയാറാകാത്ത നാട്ടിലാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മുതലക്കണ്ണീരൊഴുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.