സമരക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

Monday 23 July 2018 10:32 am IST

പാലക്കാട്: ലോറി സമരത്തിനിടെ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ബാഷയ്ക്കാണ് പരുക്കേറ്റത്. കഞ്ചിക്കോട് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്.

പുലര്‍ച്ചെ ചരക്കുമായി മേട്ടുപ്പാളയത്തില്‍ നിന്നും ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലോറി സമരത്തെ തുടര്‍ന്ന് രണ്ട് ദിവസമായി തമിഴ്നാട്ടില്‍ നിന്നു വരുന്ന ചരക്ക് ലോറികള്‍ വാളയാറില്‍ തടഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയ ലോറിക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ ലോറിയുടെ ചില്ല് തകര്‍ന്ന് പരുക്കേറ്റാണ് മുബാറക് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.