നവാസ് ഷെരീഫിന് വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്

Tuesday 24 July 2018 2:39 am IST

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പാക് പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 68കാരനായ നവാസ് ഷെരീഫ് ജൂലൈ 13 മുതല്‍ പാനമ കേസില്‍ 10 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. 

നവാസ് ഷെരീഫിന്റെ രക്തത്തില്‍ യൂറിയയുടെ അളവ് അപകടകരമായ നിലയിലാണ്. ഹൃദയമിടിപ്പ് വര്‍ധിച്ച നിലയിലുള്ള നവാസ് ഷെരീഫിന് നിര്‍ജലീകരണവും മെഡിക്കല്‍ റിപ്പോട്ടില്‍ സ്ഥിരീകരിക്കുന്നു. ജയില്‍ ആശുപത്രിയില്‍ ഇതിന് ആവശ്യമായ ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ അടിയന്തരമായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

റാവല്‍പിണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി (ആര്‍ഐസി) മേധാവി ഡോ. അസ്ഹര്‍ മെഹമ്മൂദ് കയാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലില്‍ ഷെരീഫിനെ പരിശോധിക്കാന്‍ എത്തിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പഞ്ചാബ് ഹെല്‍ത്ത് സെക്രട്ടറിക്കും അയച്ചു. കൂടാതെ ഷെരീഫിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജയില്‍ സൂപ്രണ്ട് അധികൃതരെ അറിയിച്ചിട്ടുണ്ട്.

അതേസമയം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമോയെന്ന് തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവല്‍കരിക്കുമെന്ന് പ്രവിശ്യാ മന്ത്രിമാരായ ഷൗക്കത്ത് ജാവേദ്, അഹ്മദ് വഖാസ് റിയാസ് എന്നിവര്‍ അറിയിച്ചു. ഷെരീഫിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് കിഡ്‌നി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഇവര്‍ സ്ഥിരീകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.