ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ

Tuesday 24 July 2018 2:47 am IST

ന്യൂദല്‍ഹി: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കും കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയ്‌ക്കൊരുങ്ങി വനിതാ ശിശുക്ഷേമ മന്ത്രാലയം. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം തടയാന്‍ 2012ല്‍ നടപ്പാക്കിയ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള നിര്‍ദേശം മന്ത്രാലയം ഈയാഴ്ച കേന്ദ്രത്തിന് സമര്‍പ്പിക്കും. 

 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പീഡനങ്ങളാണ് പോക്‌സോയുടെ പരിധിയില്‍ വരുന്നത്. കൂടാതെ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷവരെ നിര്‍ദേശിക്കുന്ന ബില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍.  ഇത് ആണ്‍പെണ്‍ ഭേദമില്ലാതെ നടപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ് വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം. 

സിനിമാ സംവിധായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഇന്‍സിയ ദാരിവാല ചെയ്ഞ്ച്. ഓര്‍ഗ് വഴി നല്‍കിയ പരാതി പരിഗണിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മേനകാ ഗാന്ധി പോസ്‌കോയില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമെന്ന് മന്ത്രി വിലയിരുത്തി. 

 ബാല ലൈംഗിക പീഡനങ്ങള്‍ക്ക് ആണ്‍പെണ്‍ ഭേദമില്ല. അപമാന ഭയത്താല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍ അത് പുറത്തു പറയാതെ ജീവിതം തള്ളി നീക്കുകയാണെന്ന് മേനകാ ഗാന്ധി വ്യക്തമാക്കി. 

2007ല്‍ വനിതാശിശുക്ഷേമ മന്ത്രാലയം 12,447 കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ പകുതിയിലേറെ കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി് കണ്ടെത്തിയിരുന്നു. അവരില്‍ 53 ശതമാനവും ആണ്‍കുട്ടികളാണ്. ദല്‍ഹിയില്‍ മാത്രം ഈ കണക്കുകള്‍ 60 ശതമാനം വരും. വിദ്യാര്‍ഥികള്‍, തെരുവിലെ കുട്ടികള്‍, കുടുംബത്തോടൊപ്പം കഴിയുന്നവര്‍ എന്നിങ്ങനെ വര്‍ഗീകരിച്ചായിരുന്നു പഠനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.