പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം ആരംഭിച്ചു; ആഫ്രിക്കയോട് കൂടുതല്‍ അടുക്കാന്‍ ഇന്ത്യ

Tuesday 24 July 2018 2:50 am IST

ന്യൂദല്‍ഹി: അതിവേഗം വികസിച്ചുവരുന്ന ഭൂഖണ്ഡമായ ആഫ്രിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചു. റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് മോദിയുടെ അഞ്ചു ദിവസത്തെ സന്ദര്‍ശനം. ഇതാദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ടയിലെത്തുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കായാണ് മോദി ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശം നടത്തുന്നത്. 

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ട സന്ദര്‍ശിക്കുന്നത്. ഇന്നലെ റുവാണ്ടയിലെത്തിയ മോദി ഇന്നും നാളെയും ഉഗാണ്ടയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 25മുതല്‍ 27 വരെയാണ് ദക്ഷിണാഫ്രിക്കയിലാണ് ബ്രിക്‌സ് ഉച്ചകോടി.

റുവാണ്ടയിലും ഉഗാണ്ടയിലും പ്രസിഡന്റുമാരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും പ്രതിനിധിതല ചര്‍ച്ചകളും ബിസിനസ് പ്രമുഖരും ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ചകളും നടക്കും. റുവാണ്ടയിലെ വംശഹത്യാ സ്മാരകം പ്രധാനമന്ത്രി സന്ദര്‍ശിക്കും. പ്രസിഡന്റ് പോള്‍ കഗാമെ  മുന്‍കൈയെടുത്തു നടപ്പാക്കിയ ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതിയായ 'ഗിരിങ്ക'(ഒരുകുടുംബത്തിന് ഒരു പശു)യുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. ഏറ്റവും മികച്ചയിനത്തില്‍പെട്ട ഇരുനൂറു പശുക്കളെയും മോദി റുവാണ്ടയ്ക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. ഉഗാണ്ടയുടെ പാര്‍ലമെന്റില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. 

ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി, ബ്രിക്സ് ഉച്ചകോടിയിലും അനുബന്ധ യോഗങ്ങളിലും സംബന്ധിക്കും. അംഗരാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷിചര്‍ച്ചകളും ഉച്ചകോടിയ്ക്കിടെ നടക്കും. 

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വര്‍ധിച്ചിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘങ്ങള്‍ 23 തവണയാണ് ഇക്കാലയളവില്‍ ആഫ്രിക്ക സന്ദര്‍ശിച്ചത്. ഇന്ത്യയുടെ വിദേശനയത്തില്‍ ആഫ്രിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രധാനമന്ത്രിയുടെ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക സന്ദര്‍ശനം ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.