ജുഡീഷ്യല്‍ നടപടികളുടെ തത്സമയ സംപ്രേക്ഷണം ഭരണാഘടനാവിഷയങ്ങളില്‍ ആവാമെന്ന് കേന്ദ്രം

Tuesday 24 July 2018 2:51 am IST

ന്യൂദല്‍ഹി: ജുഡീഷ്യല്‍ നടപടികളുടെ തത്സമയ സംപ്രേക്ഷണവും വീഡിയോ റെക്കോര്‍ഡിങ്ങും ചീഫ് ജസ്റ്റിസ് കേള്‍ക്കുന്ന ഭരണഘടനാവിഷയങ്ങളുടെ വിചാരണവേളയിലൂടെ നടപ്പാക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ മൂന്നുമാസങ്ങളില്‍ പൈലറ്റ് പദ്ധതിയായി ഇത് നടപ്പാക്കാമെന്നും വിലയിരുത്തിയശേഷം കാര്യക്ഷമമായി പ്രാബല്യത്തില്‍ വരുത്താമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച്, വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്ത അഡ്വ. ഇന്ദിരാ ജെയ്‌സിംഗ് ഉള്‍പ്പെടെ എല്ലാ കക്ഷികളോടും ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ അറ്റോര്‍ണി ജനറലിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ നിര്‍ദേശങ്ങള്‍ സമാഹരിച്ച ശേഷം  ഹാജരാക്കണമെന്നും കോടതി അറിയിച്ചു. വിഷയം ജൂലൈ 30ന് വീണ്ടും പരിഗണിക്കും.

ബലാത്സംഗക്കേസുകളില്‍ ഒഴികെ തത്സമയ സംപ്രേക്ഷണം എന്ന ആശയത്തോട് അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. പൊതുതാല്‍പര്യഹര്‍ജി നല്‍കിയ അഡ്വ. ഇന്ദിരാ ജെയ്‌സിംഗ് ഭരണഘടനാപരവും ദേശീയ പ്രാധാന്യവും സംബന്ധിച്ച വിഷയങ്ങളില്‍ തത്സമയ സംപ്രേക്ഷണം  ആവശ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ സംവിധാനം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയ അവര്‍ ഇത്തരം നടപടികളില്‍ സമൂഹത്തില്‍ നിയമവ്യവസ്ഥിതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയാത്ത പൗരന്‍മാര്‍ക്ക് നടപടിക്രമങ്ങള്‍ അറിയാന്‍ സഹായകമാവുകയും ചെയ്യുമെന്ന് പറഞ്ഞു. 

സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത കേസുകള്‍ വീഡിയോ റെക്കോര്‍ഡു ചെയ്യണം. കുടുംബ കോടതി കേസുകള്‍, സ്വകാര്യതയുമായ ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍, സാക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട കേസുകള്‍ എന്നിവയില്‍ സംപ്രേക്ഷണത്തിന് കോടതി നിയന്ത്രണമേര്‍പ്പെടുത്തേണ്ടതാണെന്നും അവര്‍ പറഞ്ഞു. സ്വപ്നില്‍ ത്രിപാഠി എന്ന നിയമ വിദ്യാര്‍ഥിയും കോടതി നടപടികളുടെ സംപ്രേഷണമാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.