ലോക്‌സഭയില്‍ നിരീക്ഷിക്കാന്‍ ആളെന്ന് പരാതി; അനാവശ്യ വിവാദമുണ്ടാക്കി നാണംകെട്ട് കോണ്‍ഗ്രസ്

Tuesday 24 July 2018 3:00 am IST

ന്യൂദല്‍ഹി: പ്രതിപക്ഷ അംഗങ്ങളെ നിരീക്ഷിക്കാന്‍ ലോക്‌സഭയ്ക്കകത്തും  ആളെ ഏര്‍പ്പാടാക്കിയെന്ന 'ഗുരുതര' ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നാണംകെട്ടു. ഇന്നലെ ചോദ്യോത്തര വേളയ്ക്ക് ശേഷം ലോക്‌സഭ ചേര്‍ന്നപ്പോഴായിരുന്നു കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആരോപണം. ലോക്‌സഭയുടെ ഓഫീസേഴ്‌സ് ഗാലറിയില്‍ ഇരുന്ന ഒരാള്‍ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം ശേഖരിക്കുന്നതായും പ്രതിപക്ഷത്തിന് മേല്‍ സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയെന്നും ഖാര്‍ഗെ ആരോപണം ഉന്നയിച്ച. 

ആരോപണത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ഉടന്‍ തന്നെ സംഭവത്തെപ്പറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഉറപ്പ് നല്‍കി. ഖാര്‍ഗെയുടെ ആരോപണത്തിന് പിന്നാലെ ബഹളമുയര്‍ത്തിയ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അന്വേഷണം വേഗത്തിലാക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. ചോദ്യോത്തര വേളയില്‍ ഒരാള്‍ ഗാലറിയിലിരുന്ന് ചര്‍ച്ചകള്‍ എഴുതുകയും പ്രതിപക്ഷത്തിന്റെ എണ്ണം രേഖപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയെപ്പറ്റി സ്പീക്കര്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു പ്രതിയെ പിടികൂടുകയും ചെയ്തു. കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു പ്രതി. സഭയിലെ അംഗങ്ങളുടെ എണ്ണം പരിശോധിക്കലും മറ്റു സഭാ നടപടികള്‍ കുറിച്ചെടുക്കലുമാണ് അദ്ദേഹത്തിന്റെ ചുമതല. ഇതിനെയാണ് പ്രതിപക്ഷ നിരീക്ഷണമായി ആരോപിച്ച് വിവാദനാടകം നടത്തിയത്. കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ ജോലി ചെയ്യുകയായിരുന്നെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സഭയെ അറിയിച്ചു. ഇതോടെ വലിയ ആരോപണം ഉന്നയിച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം നാണക്കേടില്‍ അവസാനിച്ചു. 

ലോക്‌സഭ ഇന്നലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ഭേദഗതി ബില്‍ പാസാക്കി. ചെക്ക് ബൗണ്‍സായാല്‍ ചെക്ക് ഹാജരാക്കിയ സ്ഥലത്ത് കേസ് നല്‍കാമെന്നാണ് ബില്ലിലെ വ്യവസ്ഥ. നേരത്തെ ചെക്ക് നല്‍കിയ ബാങ്കിന്റെ പരിധിയിലാണ് കേസ് നല്‍കേണ്ടതെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സംരക്ഷിക്കുന്നതാണ് നിയമ ഭേദഗതിയെന്ന് ബില്ലിനെ അനുകൂലിച്ച് സംസാരിച്ച എഐഎഡിഎംകെ അംഗം വിജയകുമാര്‍ പറഞ്ഞു. 

രാജ്യത്ത് ബിസിനസ് ചെയ്യുന്നത് ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യസഭയില്‍ സ്‌പെസിഫിക് റിലീഫ് ഭേദഗതി ബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചു. പൗരാണിക സ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന ബില്ലും ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിച്ചു. 

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്നലെ ഇരുസഭകളിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നല്‍കി. പ്രധാനമന്ത്രിയുടെ സമീപത്തെത്തി കെട്ടിപ്പിടിച്ച ബാലിശമായ നടപടിക്കെതിരെ ബിജെപി രാഹുല്‍ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യപ്പെട്ട് ചോദ്യോത്തര വേള തടസ്സപ്പെടുത്തിയ ടിഡിപി അംഗങ്ങളുടെ നടപടിയില്‍ ക്ഷുഭിതനായ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു രാജ്യസഭാ ടിവി സംപ്രേഷണം പതിനഞ്ചു മിനുറ്റ് നേരം നിര്‍ത്തിവെച്ചു. സഭയില്‍ അംഗങ്ങളുടെ ശബ്ദമാണ് ഉയരേണ്ടതെന്നും ബഹളമല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.