ഗതികെട്ടാല്‍ പുലി പുല്ലും തിന്നും

Tuesday 24 July 2018 3:08 am IST

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരോക്ഷമായി കളിയാക്കി. തന്റെ കസേരയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നത് കൊള്ളാം പക്ഷേ, ധൃതി പാടില്ലായെന്നായിരുന്നു മോദിയുടെ ഉപദേശം. കെട്ടിപ്പിടുത്ത നാടകവും മറ്റും നടത്തി സഭയില്‍ അപഹാസ്യനായ രാഹുല്‍ കാത്തിരിപ്പിനൊന്നും ക്ഷമ കാണിക്കില്ലായെന്നതാണ് സത്യം. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയോഗ തീരുമാനം ഇതാണ് അടിവരയിടുന്നത്. എങ്ങനെയും ഏത് വിധത്തിലും ആരോട് കൂടിയും ഭരണം പിടിക്കുക. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്നത് മാത്രമാണ് ഭാവി പരിപാടിയെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് രാജ്യത്തെ നൂറ്റാണ്ട് പാരമ്പര്യം പേറുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നതാധികാരി യോഗം പിരിഞ്ഞത്. അതിനുള്ള രാഷ്ട്രീയ സാഹചര്യമോ വിലയിരുത്തലോ രാഹുല്‍ ഗാന്ധിയുടെ കഴിവ് വിശകലനം ചെയ്യലോ ഒന്നുമില്ലാതെയായിരുന്നു തീരുമാനമെന്ന് വ്യക്തം. 

പരിവവും പക്വതയുമില്ലാത്ത രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ തന്നെ ബിജെപി സര്‍ക്കാര്‍ തകരാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിക്കുകയായിരുന്നു മോദി വിരുദ്ധ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും. ബീഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട അവിശുദ്ധ രാഷ്ട്രീയ സഖ്യം തെരഞ്ഞെടുപ്പ് വിജയം വരിച്ചപ്പോഴും ബിജെപിയുടെ തകര്‍ച്ച സ്വപ്‌നം കണ്ട് പലരും നൃത്തം തുള്ളി. എന്നാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ഗാന്ധി നേരിട്ട് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒന്നിനുപുറകെ മറ്റൊന്നായി പൊട്ടുന്നതാണ് കണ്ടത്. ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തി. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന് ഭരണം പോയി. ത്രിപുര ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അട്ടിമറി വിജയവുമായി ബിജെപി ഭരണം പിടിച്ചു. രാഹുലിന് അടുപ്പിക്കാതിരുന്ന പഞ്ചാബില്‍ മാത്രമാണ് തട്ടിമുട്ടി ജയിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാനാവില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടവും ബിജെപിയേയും മോദിയെയും കുറ്റം പറയുന്ന രാഷ്ട്രീയ നേതാക്കളും വ്യക്തമാക്കുന്നു. 

പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം ലക്ഷ്യമിട്ട് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്സില്‍ പല പാര്‍ട്ടികള്‍ക്കുമുള്ള അവിശ്വാസം രേഖപ്പെടുത്തലായി മാറി. രാഹുല്‍ അപക്വമതിയെന്ന് നേരത്തെ പലവട്ടം തെളിഞ്ഞതാണെങ്കിലും അതിന് ആധികാരികത നല്‍കാന്‍ സഭയിലെ പ്രസംഗവും കെട്ടിപ്പിടുത്തവും കണ്ണിറുക്കലും വഴിവെച്ചു. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ നില നില്‍ക്കുമ്പോഴാണ് വിശാല സഖ്യ സിദ്ധാന്തവുമായി വീണ്ടും കോണ്‍ഗ്രസ് എത്തുന്നത്. 

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന അവസ്ഥയിലാണ് തങ്ങളെന്ന് പുറപ്പുരത്ത് കയറി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ്സ്. കേവല ഭൂരിപക്ഷത്തിന് 273 സീറ്റ് വേണമെന്നിരിക്കെ 150 സീറ്റ് മാത്രം നേടി അധികാരം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികളിലൂടെ തികയ്ക്കാമെന്നും. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയാണ് സഖ്യ കക്ഷികളായി കോണ്‍ഗ്രസ്സ് മനസ്സില്‍ കാണുന്നത്. സംസ്ഥാനങ്ങളില്‍ ശക്തിയുള്ള സഖ്യകക്ഷികള്‍ക്ക് അതാത് സംസ്ഥാനങ്ങളില്‍ പിന്തുണയ്ക്കുകയും കോണ്‍ഗ്രസ്സിന് ശക്തിയുള്ള 12 സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുടെ പിന്തുണയുമാണ് കോണ്‍ഗ്രസ് മനസ്സില്‍. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം. സ്വപ്‌നം കാണുമ്പോള്‍ അതിര് വേണ്ട എന്നത് മാത്രമാണ് ന്യായം പറയാനുളളത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതായിക്കൊള്ളും. ഇവിടെ ശക്തിയുള്ള പാര്‍ട്ടി സിപിഎമ്മാണ്. മഹാ സഖ്യത്തിന്റെ ഭാഗമാക്കിയാല്‍ കേരളത്തിലെ കാര്യങ്ങള്‍ സിപിഎമ്മാകും തീരുമാനിക്കുക. കോണ്‍ഗ്രസ് ചിത്രത്തിലെ ഇല്ലാതാകും. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതി പരമ്പരകളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ ചിട്ടയായ സംഘടനാ പ്രവര്‍ത്തവും പ്രചാരണവുമാണ് വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ വഴി വെച്ചത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് ഭരണ നേട്ടത്തോടൊപ്പം പ്രതിപക്ഷത്തെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ് എന്നതും കാരണമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.