മീശ കണ്ട് ആരും ഭയന്നോടില്ല

Tuesday 24 July 2018 3:08 am IST
മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രതിഷേധം മാത്രമല്ല, സ്ത്രീത്വത്തെ അപമാനിച്ചതിലുള്ള പ്രതിഷേധവും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ നോവല്‍ സംഭാഷണത്തിലെ സ്ത്രീവിരുദ്ധത മിക്കവരും സൗകര്യപൂര്‍വ്വം മറന്നു. കഥാപാത്രമാണ് പറയുന്നതെങ്കിലും സ്ത്രീവിരുദ്ധമായ ഡയലോഗ് സിനിമയില്‍ കേട്ടാല്‍ അതിനെതിരെ എതിര്‍പ്പുമായെത്തുന്ന സ്ത്രീപക്ഷക്കാരെയൊന്നും മീശവിവാദത്തില്‍ കണ്ടില്ല.

നോവല്‍ ഭാവനാസൃഷ്ടിയാണ്. അതിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ നോവലിലെ ഭാവനയില്‍ വിരിയുന്നവ മാത്രമാണ്. അങ്ങനെ എന്തും ഭാവനയില്‍ കാണാനും അത് നോവലിലോ കഥയിലോ കവിതയിലോ അവതരിപ്പിച്ച് പ്രസിദ്ധപ്പെടുത്താനും നോവലിസ്റ്റിന് അവകാശവുമുണ്ട്. എന്നാല്‍ അത്തരം ഭാവനകള്‍ തങ്ങളുടെ വിശ്വാസങ്ങളെയും അഭിമാനത്തെയും വല്ലാതെ കുത്തിനോവിക്കുന്നതാകുമ്പോള്‍ ആ നോവനുഭവിക്കുന്നവരില്‍ നിന്ന് എതിര്‍പ്പുകളുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഈ എതിര്‍പ്പുകള്‍ ഹിന്ദു മതവിശ്വാസികളില്‍ നിന്നാകുമ്പോള്‍ മാത്രം അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലും ഫാസിസവുമൊക്കെയായി തോന്നുന്നു എന്നതാണ് കുറേക്കാലമായി കേരളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാരുടെയും രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകരുടെയും രോഗം.

എതിര്‍പ്പുകളെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവല്‍ പിന്‍വലിച്ചു. വനിതാ കമ്മിഷനിലും ചില പൊലീസ് സ്‌റ്റേഷനുകളിലും തനിക്കെതിരെ പരാതി നല്‍കിയതാണ് തന്റെ മീശ എന്ന നോവല്‍ പിന്‍വലിക്കുന്നതിന് പ്രധാന കാരണമെന്ന് നോവലിസ്റ്റ് തന്നെ പറയുന്നുണ്ട്. അതേസമയം, നോവലിന്റെ മൂന്നാമത്തെ ലക്കം പുറത്ത് വന്ന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം മാതൃഭൂമി പത്രത്തിന്റെ കോപ്പികള്‍ കേരളത്തില്‍ പലയിടത്തും കുറഞ്ഞു എന്നതിനാല്‍ പത്രത്തിന്റെ മാനേജ്‌മെന്റ് തന്നെ ആഴ്ചപ്പതിപ്പിലെ നോവല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പിന്നാമ്പുറങ്ങളില്‍ കേള്‍ക്കുന്നത്. നോവലിസ്റ്റിനെ കൊണ്ട് സ്വയം പിന്‍വലിച്ചതായി പ്രസ്താവനയിറപ്പിക്കുകയും ചെയ്തു.

ഏതാനും മാസം മുമ്പ് പത്രത്തിലെ ഒരു പംക്തിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിക്കുന്ന പരാമര്‍ശങ്ങള്‍ വന്നതിന്റെ പേരില്‍ പ്രതിഷേധവും ഭീഷണിയും ഉയര്‍ന്നപ്പോള്‍ മാതൃഭൂമി പത്രാധിപര്‍ നിരുപാധികം മാപ്പു പറഞ്ഞത് കുറേ പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഇപ്പോള്‍ ക്ഷേത്രവിശ്വാസികളെയും ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെയും ക്ഷേത്ര പൂജാരിമാരെയും ഒന്നടങ്കം അധിക്ഷേപിക്കുന്ന ഒരു പരാമര്‍ശം അച്ചടിച്ചു വന്നിട്ടും പത്രാധിപര്‍ തെറ്റ് ഏറ്റുപറയാനോ മാപ്പ് പറയാനോ തയ്യാറായിട്ടില്ല. അധിക്ഷേപിക്കപ്പെടുന്നവര്‍ ആരെന്ന് നോക്കി പ്രതികരിക്കുന്ന മാതൃഭൂമിയുടെ ഈ നിലപാടിനെ ഇരട്ടത്താപ്പ് എന്നേ വിളിക്കാനാവൂ.

ഒരു നോവലിസ്റ്റിന് തന്റെ സൃഷ്ടി പിന്‍വലിക്കേണ്ടി വന്നതിനെ പരിതപിച്ചുകൊണ്ടുള്ള പ്രസ്താവനകളുടെ കുത്തൊഴുക്കാണിപ്പോള്‍ കേരളത്തില്‍. എഴുത്തുകാരും കലാകാരന്‍മാരും രാഷ്ട്രീയക്കാരുമെല്ലാം ആവിഷ്‌കാരസ്വാതന്ത്ര്യം തടയപ്പെടുന്നതിനെതിരെ പ്രസ്താവനകളുമായി രംഗത്തുണ്ട്. 

പവിത്രന്‍ തീക്കുനിയുടെ കവിത വിലക്കിയപ്പോള്‍, മുഹമ്മദ് നബിയെ പറ്റിയുള്ള പാരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുയുര്‍ന്നപ്പോള്‍, കന്യാസ്ത്രീയെ അര്‍ദ്ധനഗ്‌നയായി ചിത്രീകരിച്ച ചിത്രകാരന്‍ ടോം വര്‍ക്കി വരച്ച മുഖചിത്രത്തോടെ ഇറക്കിയ ഭാഷാപോഷിണി പൂര്‍ണമായും പിന്‍വലിക്കേണ്ടി വന്നപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ സംഭവങ്ങളൊക്കെ നടന്നപ്പോഴൊന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എന്തെങ്കിലും സംഭവിച്ചതായി ആരും പറയുന്നതു കേട്ടിട്ടില്ല. അന്നൊന്നും സാംസ്‌കാരിക നായകരോ രാഷ്ട്രീയ നേതാക്കളോ വാതുറന്നിട്ടില്ല. 

തമിഴ്‌നാട്ടിലെ തിരുച്ചെങ്ങോട് എന്ന ഗ്രാമത്തിലെ വെള്ളാള ഗൗണ്ടര്‍ എന്ന ജാതിവിഭാഗത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു നോവല്‍ രചിച്ചതിന്റെ പേരില്‍ നോവലിസ്റ്റ് പെരുമാള്‍ മുരുകനെതിരെ ആ സമുദായത്തിന്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതും ഇവിടെ ഓര്‍ക്കാം. അന്ന് പെരുമാള്‍ മുരുകന്‍ താന്‍ എഴുത്ത് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കി. പതിവുപോലെ കേരളത്തിലെ സാഹിത്യ, സാംസ്‌കാരിക നായകര്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനെതിരെയുള്ള ക്യാമ്പയിനുകളുമായി തെരുവിലിറങ്ങി. അതേസമയം, തമിഴ്‌നാട്ടിലെ തന്നെ മറ്റൊരു നോവലിസ്റ്റായ ജോ ഡിക്രൂസിനെതിരെ 2015ല്‍ ക്രിസ്തുമത വിശ്വാസികളില്‍ നിന്നും മറ്റും വ്യാപകമായ എതിര്‍പ്പും (നോവലിലെ മതവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍) ക്രിമിനല്‍ കേസില്‍ പെടുത്തലുമൊക്കെ നടന്നപ്പോള്‍ ആരും പ്രതിഷേധിച്ചതായി കണ്ടില്ല. കേരളത്തിലും അന്ന് ഒരെഴുത്തുകാരനും പ്രതികരിച്ചില്ല. 

അതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. ജോ ഡിക്രൂസ് 2014ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ നരേന്ദ്ര മോദിയെയും ബിജെപിയെയും പിന്തുണച്ചു എന്നതാണ് കാരണം. വിലക്കുകളെ തുടര്‍ന്ന് തന്റെ നോവലെഴുത്ത് നിര്‍ത്തുകയായിരുന്നു ജോ ഡിക്രൂസ്. എഴുത്തു നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച പെരുമാള്‍ മുരുകന്‍ പിന്നീട് വീണ്ടും എഴുത്ത് തുടങ്ങി. എന്നാല്‍ ജോ ഡിക്രൂസ് ഇപ്പോഴും തന്റെ എഴുത്ത് പുനരാരംഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

കാലം മാറിയതറിയാത്തവര്‍

മീശ എന്ന നോവലിലെ വിവാദപരാമര്‍ശങ്ങളില്‍ തെറ്റൊന്നുമില്ലെന്നും അതിന്റെ പേരില്‍ ആരും വേദനിക്കേണ്ടതില്ലെന്നുമൊക്കെയാണ് ഇപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പൊക്കിപ്പിടിച്ച് രംഗത്തെത്തിയവരുടെ വാദം. അതിന് ചിലര്‍ പറയുന്ന ന്യായീകരണങ്ങള്‍ രസകരമാണ്. ഹിന്ദുമതത്തിലെ സ്ത്രീകളെ കുറിച്ചാണല്ലോ പരാമര്‍ശം. ഹിന്ദുക്ഷേത്രങ്ങളില്‍ ദേവദാസി സമ്പ്രദായമെന്ന പേരില്‍ വേശ്യാവൃത്തി നിലനിന്നിരുന്നു, ക്ഷേത്രഭിത്തികളില്‍ രതിശില്‍പങ്ങള്‍ വ്യാപകമായുണ്ടായിരുന്നു, ഹിന്ദു പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഭക്തിഗീതങ്ങളിലുമൊക്കെ  ധാരാളം രതിവര്‍ണനകള്‍ ഉണ്ട്.... ഇവയൊക്കെ എടുത്തു കാണിച്ച്, ഇങ്ങനെയുള്ള മതത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് അല്‍പ്പം അശ്ലീലം പറഞ്ഞാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നൊക്കെയാണ് ന്യായീകരണം.

പറഞ്ഞതൊന്നും തെറ്റല്ല. ക്ഷേത്രച്ചുമരുകളിലെ രതിശില്‍പങ്ങളും ഗീതഗോവിന്ദത്തിലെയും മറ്റും രതിവര്‍ണനകളുമൊക്കെ ഇപ്പോഴും നമ്മുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ തന്നെ. സെമറ്റിക് മതങ്ങളെ പോലെ ഭാരതീയ മതങ്ങള്‍ ലൈംഗികതയെ പാപമായി കാണുകയോ അകറ്റി നിര്‍ത്തുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, ലൈംഗികത അഥവാ സ്ത്രീപുരുഷ സംയോഗം പ്രപഞ്ചസൃഷ്ടയുടെ തന്നെ ആധാരമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രപഞ്ചത്തിന്റെ (ബ്രഹ്മാണ്ഡം) പ്രതിരൂപമാണ് ഓരോ ജീവനും (പിണ്ഡാണ്ഡം) എന്നതിലാണല്ലോ ഹൈന്ദവദര്‍ശനങ്ങള്‍ ഊന്നുന്നത്. ശിവലിംഗസങ്കല്‍പ്പവും കാമാഖ്യയിലെ യോനീരൂപത്തിലുള്ള പ്രതിഷ്ഠയുമൊക്ക ഈ ദര്‍ശനത്തിന്റെ ഭാഗം തന്നെ. ഇപ്പറഞ്ഞതൊക്കെ സത്യമാണ്. അതുകൊണ്ട് ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ സംഭോഗത്തിന് തയ്യാറായി പോകുന്നവരും അവിടെയുള്ള പൂജാരികളൊക്കെ സംഭോഗത്തിന് ഒരുങ്ങി നില്‍ക്കുന്നവരുമാണെന്ന് പറയുന്നതില്‍ തെറ്റില്ല എന്നാണ് നമ്മുടെ സാംസ്‌കാരിക നായകരുടെ വാദം. 

 നമ്മുടെ സംസ്‌കാരം ലൈഗിംകതയെ പാപമായി കാണുന്നതോ കപടസദാചാരത്തിലധിഷ്ഠിതമായതോ ആയിരുന്നില്ല. ആയിരുന്നില്ല എന്നതാണ് ശരി. എന്നാല്‍ ഇന്ന് ആണ് എന്നു പറയേണ്ടി വരുന്നു. നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യവും സെമറ്റിക് മതങ്ങളുടെ സ്വാധീനവുമൊക്കെ കാരണമാവാം നമ്മുടെ സമൂഹ്യജീവിതം കാലക്രമത്തില്‍ വിക്ടോറിയന്‍ സദാചാരബോധത്തിന് വഴിപ്പെടുകയായിരുന്നു. ലൈംഗികതയില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടാത്ത ഒരു ധാര്‍മ്മികതയിലൂന്നിയ ജീവിതക്രമത്തിന്, സെമറ്റിക് മതങ്ങളുടെയും മറ്റും സ്വാധീനം കൊണ്ട് അപചയം സംഭവിച്ചപ്പോഴാണ് ദേവദാസീസമ്പ്രദായവും അച്ചീചരിതങ്ങളുമൊക്കെ ഉണ്ടായത്. ആ കെട്ടകാലത്തില്‍ നിന്ന് കേരളത്തെ മാറ്റിയെടുക്കാനാണ് തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടും മറ്റും ഉരുവംകൊള്ളുന്നത്. അവിടെ നിന്നിങ്ങോട്ട് ഒരു നവോത്ഥാന കാലഘട്ടം നമുക്കുണ്ടായി. എന്നാല്‍ ഇന്ത്യയിലൊട്ടാകെ വ്യാപിച്ച വിക്ടോറിയന്‍ സദാചാര സങ്കല്‍പങ്ങള്‍ കാരണം പൊതുസമൂഹത്തില്‍ രതി മറയ്ക്കപ്പെടെണ്ടതും അപവിത്രവുമൊക്കെയായി മാറി. അതേസമയം, ചില പ്രത്യേക അനുഷ്ഠാനപദ്ധതികളിലൂടെ ജീവിക്കുന്ന ഗ്രൂപ്പുകളിലും ചില വനവാസിസമൂഹങ്ങളിലും മാറ്റങ്ങളില്ലാതെ രത്യാധിഷ്ഠിത ജീവിതക്രമം നിലനില്‍ക്കുന്നുണ്ട്, ഇന്നും.

ക്ഷേത്രത്തില്‍ രതിശില്‍പങ്ങളും ശിവലിംഗവുമുള്ളത് കൊണ്ട് തൊഴാനെത്തുന്ന സ്ത്രീകള്‍ മുഴുവന്‍ സംഭോഗതത്പരരാണ് എന്നൊക്കെ എഴുതുകയും പറയുകയും ചെയ്യാമെന്ന വാദം തെറ്റാണ്. കാലം മായ്ക്കാത്ത മുദ്രകളാണ് ക്ഷേത്രങ്ങളിലെ രതിശില്‍പങ്ങളും ശിവലിംഗപ്രതിഷ്ഠകളും പുരാണങ്ങളിലെയും ഭക്തിഗീതങ്ങളിലെയും ശൃംഗാരവര്‍ണനകളും. എന്നാല്‍ സമൂഹമനസ്സില്‍ കാലം വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും. ഏതാനും ദശകങ്ങള്‍പ്പുറമുള്ള സാഹിത്യകൃതികളിലെയും സിനിമകളിലെയും വിശ്വാസവിരുദ്ധതയെ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അവിടെയും ഇതു തന്നെയാണ് പറയാനുള്ളത്. കാലം മാറിക്കഴിഞ്ഞു. നിര്‍മ്മാല്യം എന്ന സിനിമ പുറത്തിറങ്ങിയ കാലത്തെ ജനമനസ്സല്ല ഇന്നത്തേത് (അന്നത്തെ മതേതരത്വവുമല്ല). വിശ്വാസികളുടെ മനസ്സ് നോവുന്നതും അതുകൊണ്ടാണ്.

നോവലിസ്റ്റിന്റെ വാക്കുകളോ ചിത്രകാരന്റെ ചിത്രങ്ങളോ ഒന്നും ദൈവത്തെ നോവിപ്പിക്കില്ല. ഒരുതരത്തിലും ബാധിക്കുകയുമില്ല. നോവിക്കുന്നതും ബാധിക്കുന്നതും മനുഷ്യരെയാണ്. മീശ നോവലിലെ പരാമര്‍ശം വേദനിപ്പിച്ചത് ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ മുഴുവനുമാണ്. പിന്നെ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന നമ്പൂതിരിമാരെയും. ഉടുത്തൊരുങ്ങി സുന്ദരികളാകുക എന്നത് സ്ത്രീകളുടെ ഒരു പൊതുസ്വഭാവമാണ്. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ മാത്രമല്ല, മാര്‍ക്കറ്റില്‍ പോകുമ്പോഴും പാര്‍ട്ടിസമ്മേളനത്തിന് പോകുമ്പോഴുമൊക്കെ ഉടുത്തൊരുങ്ങാറുണ്ട്. അതൊക്കെ സംഭോഗതത്പരത കൊണ്ടാണോ എന്ന് നോവലിസ്റ്റിനൊപ്പം നില്‍ക്കുന്നവര്‍ വ്യക്തമാക്കണം.

മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രതിഷേധം മാത്രമല്ല, സ്ത്രീത്വത്തെ അപമാനിച്ചതിലുള്ള പ്രതിഷേധവും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ നോവല്‍ സംഭാഷണത്തിലെ സ്ത്രീവിരുദ്ധത മിക്കവരും സൗകര്യപൂര്‍വ്വം മറന്നു. കഥാപാത്രമാണ് പറയുന്നതെങ്കിലും സ്ത്രീവിരുദ്ധമായ ഡയലോഗ് സിനിമയില്‍ കേട്ടാല്‍ അതിനെതിരെ എതിര്‍പ്പുമായെത്തുന്ന സ്ത്രീപക്ഷക്കാരെയൊന്നും മീശവിവാദത്തില്‍ കണ്ടില്ല. നമ്പൂതിരിമാരെ ആക്ഷേപിച്ചതിന്റെ പേരില്‍ യോഗക്ഷേമസഭ എന്ന അവരുടെ സമുദായ സംഘടന ശക്തമായി പ്രതിഷേധിച്ചതായി കണ്ടു. എന്നാല്‍ സ്ത്രീകളെ അടച്ചാക്ഷേപിച്ചതില്‍ ഒരു സ്ത്രീപക്ഷ സംഘടനയുടെയും (മഹിളാമോര്‍ച്ചയൊഴിച്ച്) പ്രതിഷേധമുണ്ടായില്ല.

ഫലശ്രുതി:

എഴുത്ത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം പെരുമാള്‍ മുരുകന്റെ മാധോരു ഭാഗന്‍ എന്ന നോവലിന് വിദേശഭാഷകളിലടക്കം നിരവധി തര്‍ജ്ജമകളുണ്ടായെന്നും അവയും അദ്ദേഹത്തിന്റെ മറ്റ് കൃതികളും പതിനായിരക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു എന്നുമാണ് കേട്ടത്. അതിന് ശേഷം, മരിച്ച എഴുത്തുകാരന്‍ പുനര്‍ജനിച്ചെന്നും ഇപ്പോള്‍ എഴുത്ത് തകൃതിയായി നടക്കുന്നുവെന്നും കേട്ടു. പ്രതിഷേധക്കാറ്റൊക്കെ ഒന്നു കെട്ടടങ്ങിയ ശേഷം നോവല്‍ പുസ്തകരൂപത്തിലിറക്കുമെന്നാണ് പിന്‍വലിക്കല്‍ കുറിപ്പില്‍ മീശയുടെ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. അതും വിവിധ ഭാഷകളിലായി നല്ലരീതിയില്‍ വിറ്റുപോകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

യു. പി. സന്തോഷ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.