നാടെങ്ങും ഫ്‌ളക്‌സ് ദുരിതം

Tuesday 24 July 2018 3:09 am IST

ലോകകപ്പ് കഴിഞ്ഞ് ആഴ്ചകളായിട്ടും പൊതുസ്ഥലങ്ങളും ദേശീയപാതയുള്‍പ്പെടെയുള്ള പാതയോരങ്ങളും താരങ്ങളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോഴും. അധികൃതരുടെ നിയന്ത്രണങ്ങള്‍ കടലാസിലൊതുങ്ങിയതോടെയാണ് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാതിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ദേശീയപാതയോരത്തും ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്നാണ് നിയമം. ഇത് കാറ്റില്‍ പറത്തിയാണ് പലപ്പോഴും ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. 

സുഖകരമായ ഗതാഗത തടസ്സം മാത്രമല്ല, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ മൂടിക്കൊണ്ടാണ് പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ചില ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാല്‍ നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ആരാധനാലയങ്ങളുടെ ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളക്‌സുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്‌ളക്‌സുകള്‍, കൊടിതോരണങ്ങള്‍, കമാനങ്ങള്‍ മുതലായവയ്ക്ക് പുറമേ ഇപ്പോള്‍ ലോകകപ്പ് ആവേശത്തോടനുബന്ധിച്ചു സ്ഥാപിച്ച ഫ്‌ളക്‌സുകളും കൂടിയായപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായി. നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.

പരിസ്ഥിതിക്ക് ഹാനികരമുണ്ടാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം വിവിധ സര്‍ക്കാരുകള്‍ അട്ടിമറിച്ചതിന്റെ ഫലമാണിത്. സര്‍ക്കാരിന്റെ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും ഫ്‌ളക്‌സ് ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാരിന്റെ തന്നെ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരിപാടികളിലൊക്കെ ഇപ്പോഴും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തന്നെയാണ് സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും. ഇതിനെല്ലാം ഒരു പരിഹാരമുണ്ടാകുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

മോഹനന്‍ പിള്ള

ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.