യൂത്ത് അത്‌ലറ്റിക്‌സ് ; കേരളാ പെണ്‍കുട്ടികള്‍ കിരീടം നിലനിര്‍ത്തി

Tuesday 24 July 2018 3:17 am IST

വഡോദര: പതിനഞ്ചാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനക്ക് കിരീടം. കേരളം രണ്ടാമത്. 165 പോയിന്റ് നേടിയാണ് ഹരിയാന കിരീടം സ്വന്തമാക്കിയത്. കേരളത്തിന് 150 പോയിന്റുകള്‍ ലഭിച്ചു. 111 പോയിന്റുമായി ഉത്തര്‍പ്രദേശ് മൂന്നാമതെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം നിലനിര്‍ത്തിയപ്പോള്‍ ആണ്‍കുട്ടികള്‍ മൂന്നാം സ്ഥാനമാണ് നേടിയത്. 102 പോയിന്റുമായാണ് പെണ്‍കുട്ടികള്‍ കേരളത്തിനായി കിരീടം നേടിയത്. 80 പോയിന്റുമായി ഹരിയാന രണ്ടും 40 പോയിന്റുമായി തമിഴ്‌നാട് മൂന്നാം സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍  85 പോയിന്റോടെ ഹരിയാന ഒന്നാമതെത്തി . 75 പോയിന്റ് നേടിയ ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനവും 48 പോയിന്റുമായി കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മീറ്റിലെ മികച്ച അത്‌ലറ്റുകളായി പെണ്‍കുട്ടികളില്‍ കേരളത്തിന്റെ അപര്‍ണ റോയിയും ആണ്‍കുട്ടികളില്‍ പഞ്ചാബിന്റെ ധന്‍വീര്‍ സിങും തെരഞ്ഞെടുക്കപ്പെട്ടു. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മിന്നും പ്രകടനമാണ് അപര്‍ണയെ മികച്ച താരത്തിനുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്. ഷോട്ട്പുട്ടിലെ മികച്ച പ്രകടനം ധന്‍വീറിനും അവാര്‍ഡ് നേടിക്കൊടുത്തു.

മീറ്റിന്റെ അവസാന ദിനം കേരളം ഏഴ് സ്വര്‍ണമാണ് നേടിയത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ കേരളത്തിന്റെ സാന്ദ്ര ബാബു 12.51 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടി. കഴിഞ്ഞ ദിവസം ലോങ്ജമ്പിലും പൊന്നണിഞ്ഞ സാന്ദ്ര ഇതോടെ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. രോഹിതും പെണ്‍കുട്ടികളില്‍ ജെ. വിഷ്ണുപ്രിയയും 200 മീറ്ററില്‍ ആന്‍സി സോജനും ഹെപ്റ്റാത്തലണില്‍ കെ.ആര്‍. അനുദ്രയും, ഇരുവിഭാഗം  റിലേയിലും കേരളം സ്വര്‍ണ്ണം നേടി. ആദ്യ രണ്ട് ദിവസവും നിറംമങ്ങിയ കേരള താരങ്ങള്‍ മീറ്റിന്റെ അവസാനദിനം മികച്ച പ്രകടനമാണ് നടത്തിയത്. വിണ്ഷുപ്രിയ പുതിയ മീറ്റ് റെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്.1:02.52 സെക്കന്‍ഡില്‍ ഓടിയെത്തിയ വിഷ്ണുപ്രിയയ്ക്ക് മുന്നില്‍ വഴിമാറിയത് 2015-ല്‍ സയന ബാംബോലിന്‍ സ്ഥാപിച്ച 1:02.58 സെക്കന്‍ഡിന്റെ റെക്കോര്‍ഡ്.

ആണ്‍കുട്ടികളുടെ മെഡ്‌ലെ റിലേയില്‍ അഭിനവ്. സി, ബിജിത്. കെ, അബ്ദുള്‍ റസാഖ്. സി.ആര്‍, അഭിഷേക് മാത്യു എന്നിവരും പെണ്‍കുട്ടികളില്‍ അപര്‍ണറോയ്, ആന്‍സി സോജന്‍, സാന്ദ്ര. എ.എസ്, പ്രസ്‌കില ഡാനിയേല്‍ എന്നിവരുമാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്.

പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി. ചാന്ദ്‌നി, ആണ്‍. ട്രിപ്പിള്‍ജമ്പില്‍ സി.ഡി. അഖില്‍കുമാര്‍ എന്നിവര്‍ വെള്ളി നേടി. ആണ്‍. ട്രിപ്പിള്‍ജമ്പില്‍ കേരളത്തിന്റെ തന്നെ ആകാശ് എം. വര്‍ഗീസ് വെങ്കലവും സ്വന്തമാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.