വംശീയ അധിക്ഷേപം; ഓസില്‍ ജര്‍മന്‍ ജെഴ്‌സി ഉപേക്ഷിച്ചു

Tuesday 24 July 2018 3:31 am IST

ബര്‍ലിന്‍: വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ റജബ് ത്വയ്ബ് എര്‍ദോഗനോടൊപ്പം ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നത്.

ലോകകപ്പില്‍ നിന്ന് ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ തുര്‍ക്കി വംശജനായ ഓസിലിനും കുടുംബത്തിനും മെയിലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഭീഷണികളും വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. എര്‍ദോഗാനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് പിന്നില്‍  രാഷ്ട്രീയമില്ല. എന്റെ കുടുംബം ജീവിക്കുന്ന രാജ്യത്തിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരാളോട് ബഹുമാനം മാത്രമാണുള്ളത്. എന്റെ തൊഴില്‍ ഫുട്‌ബോളാണ് അല്ലാതെ രാഷ്ട്രീയമല്ല.  

ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍  നിന്ന് നല്ല പരിചരണം ലഭിച്ചില്ല. മറ്റ് പലരും തന്നെ മോശമായി ചിത്രീകരിച്ചു. അതിനാല്‍ ഇനി ജര്‍മന്‍ ജെഴ്‌സി അണിയാന്‍ താത്പര്യമില്ല. 2009 ലെ അരങ്ങേറ്റ മത്സരം മുതല്‍ ജര്‍മനിക്കായി ഞാനുണ്ടാക്കിയ നേട്ടങ്ങളൊക്കെ എല്ലാവരും മറന്നുപോയി. ഓസില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിയുടെ തോല്‍വിയില്‍ ഓസിലിനെ ബലിയാടാക്കുകയാണെന്ന ആരോപണവുമായി നേരെത്ത അദ്ദേഹത്തിന്റെ പിതാവ് മുസ്തഫ രംഗത്തെത്തിയിരുന്നു.   92 അന്താരാഷ്ട്ര മത്സരങ്ങളില്‍ 23 ഗോള്‍ നേടിയ ഓസില്‍ 40 ഗോളുകള്‍ക്ക് അവസരം ഒരുക്കുകയും ചെയ്തു. 2014 ലെ ജര്‍മനിയുടെ ലോകകപ്പ് വിജയത്തിന് പിന്നില്‍ ഓസില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.