നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വാരിക വിറ്റഴിക്കല്‍ ലക്ഷ്യം ഹിന്ദുത്വത്തെ ഇടിച്ചുതാഴ്ത്താന്‍ അനുവദിക്കില്ല: പ്രൊഫ. വി.ടി. രമ

Tuesday 24 July 2018 3:54 am IST

കോഴിക്കോട്: നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വാരിക വിറ്റഴിക്കാനായി ഹിന്ദുത്വത്തെ ഇടിച്ചുതാഴ്ത്താന്‍ അനുവദിക്കില്ലെന്ന് കേരള ക്ഷേത്രസംരക്ഷണസമിതിയുടെ വനിതാ വിഭാഗമായ  മാതൃസമിതി സംസ്ഥാന രക്ഷാധികാരി പ്രൊഫ.വി.ടി.രമ. വിവാദ നോവല്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് മാതൃഭൂമിയുടെ കേന്ദ്ര ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ സ്ത്രീകളുടെ സ്വാഭിമാനത്തിന്റെ കടയ്ക്കലാണ് മാതൃഭൂമി കത്തിവച്ചത്. ഇത്തരം പരാമര്‍ശങ്ങളുള്ള നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് തങ്ങളുടെ വീട്ടിലും സ്ത്രീകളുണ്ടെന്ന് പത്രാധിപസമിതി ഓര്‍ക്കണമായിരുന്നു. 

വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് കേരളത്തിലെ അമ്മമാരെയും സഹോദരിമാരെയുമാണ്. ഹിന്ദുക്കളുടെ ദാനത്തിലാണ് മാതൃഭൂമി കെട്ടിപ്പടുത്തതെന്ന് മറക്കരുത്. ഹിന്ദുക്കള്‍ ഉള്ളതിനാല്‍ മാത്രമാണ് മതേതരത്വം നിലനില്‍ക്കുന്നത്. 250 കുട്ടികള്‍ മാത്രം വായിക്കുന്ന ചോദ്യപേപ്പറില്‍ ഒരു വാക്ക് എഴുതിയ പ്രൊഫസറുടെ കൈവെട്ടിയത് മറക്കരുത്.

സ്ത്രീവികാരത്തെ മാനിച്ച് നോവല്‍ പിന്‍വലിക്കുന്നു എന്ന് പറയാനുള്ള മാന്യതപോലും കാണിക്കാതെ സംഘപരിപവാര്‍ ഭീഷണിയില്‍ പിന്‍വലിക്കുന്നു എന്നാണ് നോവലിസ്റ്റ് ഹരീഷ് പറയുന്നത്. അതുകൊണ്ടാണ് ജോസഫിന്റെ കൈവെട്ടിയപ്പോഴും പവിത്രന്‍ തീക്കുനി കവിത പിന്‍വലിച്ചപ്പോഴും മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ രംഗത്തെത്തിയത്. കന്യാസ്ത്രീകളുടെ നിലവിളിയും കുമ്പസര രഹസ്യവും വാര്‍ത്തയായപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് എം.എ.ബേബിയെ പോലുള്ളവര്‍ പ്രതികരണവുമായി എത്തുന്നത്. 

സംഘപരിവാര്‍ ഭീഷണിയില്‍ ഇവിടെ ഒരു എഴുത്തുകരാനും കൈ നഷ്ടപ്പെട്ടിട്ടില്ല. അത് ഹിന്ദുക്കളുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും സഹിഷ്ണുതകൊണ്ടാണ്. മാതൃഭൂമി മാപ്പ് പറയാതെ, പെറ്റമ്മയേയും മലയാളത്തേയും അവഹേളിക്കുന്ന സാഹിത്യവുമായി ഇനിയും മുന്നോട്ടുപോയാല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളെ കര്‍ക്കടക ശുദ്ധീകരണം നടത്തി സ്ത്രീകള്‍ വീടിന് വെളിയിലാക്കുമെന്നും രമ പറഞ്ഞു.

മാര്‍ച്ചിനുശേഷം പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രവും വാരികയും കത്തിച്ച് പ്രതിഷേധിച്ചു. കിളിപ്പറമ്പ് മഹാദേവി ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു ഉദ്ഘാടനം ചെയ്തു. മാതൃസമിതി സംസ്ഥാന സെക്രട്ടറി സുശീല ജയന്‍, ഉപാദ്ധ്യക്ഷ പ്രേമലത, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.നാരായണന്‍കുട്ടി,  പ്രചാര്‍ പ്രമുഖ് പി.ആര്‍. ഉണ്ണി, ട്രഷറര്‍ കെ.കുഞ്ഞിരാമന്‍, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.