എബിവിപി കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം: നിരവധി പേര്‍ക്ക് പരിക്ക് 21 പേരെ കളളക്കേസില്‍പ്പെടുത്തി ജയിലിലടച്ചു: വ്യാപക പ്രതിഷേധം

Tuesday 24 July 2018 1:58 am IST

 

കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ എബിവിപി നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

കണ്ണവത്തെ എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, പോപ്പുലര്‍ ഫ്രണ്ട് നടത്തിയ എല്ലാ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എബിവിപി കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ നൂറുകണക്കിന് എബിവിപി പ്രവര്‍ത്തകര്‍ അണിനിരന്നു. 

സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ പോലീസ് അതിക്രമം നടത്തി. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നു. നഗരത്തിലുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പിന്നാലെ ഓടി അകാരണമായി അറസ്റ്റ് ചെയ്തു. ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പല പ്രവര്‍ത്തരേയും റോഡിലൂടെ വലിച്ച് കൊണ്ടുപോയി വാഹനത്തില്‍ കയറ്റി. പോലീസ് അതിക്രമത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ഉള്‍പ്പെടെയുളള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കളളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത സുജിത്ത് ശശി, സംസ്ഥാന സമിതി അംഗങ്ങളായ വി.അയ്യപ്പദാസ്,അഭിനവ്, ജില്ലാ സെക്രട്ടറി പി.വി.പ്രിജു, വിഷ്ണു, വിശാഖ്, അനുഗ്രഹ്, നിഖില്‍ എന്നിവരടക്കം 21 പേരെ കോടതി റിമാന്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റുളളവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

 യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നിരവധി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത മാര്‍ച്ച് ഒരൊറ്റ വനിതാ പോലീസിനെ പോലും നിയോഗിക്കാതെയാണ് പോലീസ് തടഞ്ഞത്. ഒടുവില്‍ വിദ്യാര്‍ത്ഥിനികളെ പോലീസ് വാഹനത്തില്‍ കയറ്റിയ ശേഷം മാത്രമാണ് വനിതാ സ്റ്റേഷനില്‍ നിന്ന് വനിതാ പോലീസിനെ എത്തിച്ച് വിദ്യാര്‍ത്ഥിനികളെ സ്റ്റേഷനിലെത്തിച്ചത്. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ചിനെ പുരുഷ പോലീസിനെ മാത്രം ഉപയോഗിച്ച് തടഞ്ഞ നടപടിയും പ്രതിഷേധത്തിന് കാരണമായി. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചാണെന്ന പരിഗണന പോലും ഇല്ലാതെ ജലപീരങ്കി ഉപയോഗിച്ച് മാര്‍ച്ചിനെ തടയുന്നതിന് പകരം നേരിട്ട് കണ്ണീര്‍ വാതകം പ്രയോഗിച്ച പോലീസ് നടപടിയും വിമര്‍ശനത്തിന് കാരണമായി. സാധാരണ സമരങ്ങളെ വെളളംചീറ്റി നേരിടുന്ന പോലീസ് എബിവിപി മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത് ആസൂത്രിതമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ആറുമാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്ക് മാര്‍ച്ച് കനത്ത താക്കീതായി മാറി.

 മാര്‍ച്ചിന് എബിവിപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, സെക്രട്ടറി പ്രിജു, അയ്യപ്പദാസ്, അഭിനവ് തൂണേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തീവ്രവാദ ശക്തികള്‍ക്ക് മുന്നില്‍ എസ്എഫ്‌ഐ മുട്ടമടക്കുകയാണെന്നും അതിന് തെളിവാണ് മാഹാരാജാസില്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാന്‍ തയ്യാറാകാത്ത എസ്എഫ്‌ഐയുടെ നടപടിയെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സുജിത്ത് ശശി പറഞ്ഞു. തീവ്രവാദ സംഘടനയായ ക്യാമ്പസ്ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്ന നടപടിയാണ് എസ്എഫ്‌ഐ നേതൃത്വം പിന്തുടരുന്നത്. ഇത്തരത്തില്‍ ഇരു സംഘടനകളും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണ് കേരളത്തിലെ ക്യാമ്പസുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുഖ്യമന്ത്രി പിണറായിയുടെ താളത്തിനൊത്ത് തുളളുന്ന പോലീസ് തീവ്രവാദ സംഘടനകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ്. ഇത് കാരണം തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി കൊല നടത്തിയവര്‍ കേരളത്തില്‍ സൈ്വര്യവിഹാരം നടത്തുകയാണെന്നും സുജിത്ത് പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.