കണ്ണൂര്‍ വിമാനത്താവളത്തിന്റെ എല്ലാ മേഖലയിലും സിപിഎംവല്‍ക്കരണം മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നിയമനങ്ങള്‍

Tuesday 24 July 2018 1:59 am IST

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ എല്ലാ മേഖലയിലും സിപിഎം വല്‍ക്കരണം നടക്കുകയാണെന്നും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി നിയമനങ്ങള്‍ നടത്തുകയാണെന്നും ഫലത്തില്‍ അഴിമതിയുടെ കൂത്തരങ്ങയായി വിമാനത്താവളം മാറുകയാണെന്നും ഐഎന്‍ടിയുസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

 എയര്‍പോര്‍ട്ടിന്റെ എല്ലാ മേഖലയേയും രാഷ്ട്രീവല്‍ക്കരിച്ചു കൊണ്ട് എയര്‍പോര്‍ട്ടിന്റെ വികസന സാധ്യതകള്‍ മുരടിപ്പിക്കുന്ന സ്ഥിതിയാണുളളത്. സംസ്ഥാന മന്ത്രിമാരുടേയും ഭരണകക്ഷി എംഎല്‍എമാരുടേയും സ്വന്തക്കാര്‍ക്ക് വേണ്ടി നിയമനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും മാറ്റിമറിക്കുകയാണ്. ലക്ഷങ്ങളുടെ അഴിമതിയാണ് ഇവിടെ നടക്കുന്നത്. ജോലി സാധ്യതകളെക്കുറിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അറിയുമ്പോഴേക്കും നിയമനങ്ങള്‍ നടന്നു കഴിയുന്ന കാഴ്ചയാണ് നിലവിലുളളത്. വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കണ്ണൂര്‍ ജില്ലക്കാര്‍ക്ക് പരിഗണന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടിനകത്ത് ജോലി ചെയ്യുന്ന സിപിഎം ഇതര സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. എയര്‍പോര്‍ട്ടിനകത്ത് രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന ഐഎന്‍ടിയുസി പ്രവര്‍ത്തകനായ സബ്ബ് കോണ്‍ട്രാക്ടറെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത സ്ഥിതിയാണ്. പ്രസ്തുത സബ്ബ് കോണ്‍ട്രാക്ടര്‍ക്കെതിരെ സിപിഎമ്മുകാര്‍ വ്യാജ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടും ഇയാള്‍ക്ക് ജോലി ചെയ്യാന്‍ സിപിഎം നേതാക്കളുടെ അനുമതിവേണമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിനെതിരെ 30 ന് വിശദീകരണ പൊതുയോഗവും 31 ന് എയര്‍പ്പോര്‍ട്ടിലേക്ക് ഉപരോധ ബഹുജന മാര്‍ച്ചും സംഘടിപ്പിക്കണമെന്നും ഇവര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെയുളള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കും. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ജനറല്‍വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി മുസ്തഫ, വി.വി.ശശിന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.