ധര്‍മ്മടത്ത് ആരോഗ്യ വകുപ്പ് രംഗത്തിറങ്ങി നിയമ ലംഘകര്‍ക്കെതിരെ നടപടി

Tuesday 24 July 2018 1:09 am IST

 

തലശ്ശേരി: ധര്‍മ്മടം പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിന് പുറത്തിറങ്ങിയത് നാട്ടുകാരില്‍ അത്ഭുതമുളവാക്കി. അടുത്ത കാലത്തൊന്നും ഇങ്ങിനെ ഒരു വകുപ്പ് നടപടി നാട്ടുകാര്‍ ദര്‍ശിച്ചിരുന്നില്ല. ഓഫീസിലിരുന്ന് പരിശോധന നടത്തിയിരുന്നവര്‍ വെളിയിറങ്ങിയപ്പോള്‍ കണ്ടത് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍. അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി കണ്ട ഹോട്ടലുകാരും ബേക്കറിക്കാരും അന്തംവിട്ടു. ഉദ്യോഗസ്ഥര്‍ പരിശോധനക്കായി കയറിയിറങ്ങിയ മുപ്പതോളം സ്ഥാപനങ്ങളില്‍ 15 സ്ഥാപനങ്ങളും നിയമവഴിയില്‍ പോവുന്നതല്ലെന്ന് കണ്ടെത്തി. 

ഇതില്‍ ചിലര്‍ക്ക് മുന്നറിയിപ്പ് നോട്ടീിസ് നല്‍കി. മറ്റ് ചിലരില്‍ നിന്ന് പിഴയും ഈടാക്കി. ധര്‍മ്മടം ഗ്രാമ ഞ്ചായത്തിലെ മീത്തലെപ്പീടിക, താഴെപ്പപീടിക, ധര്‍മ്മടം, ബ്രണ്ണന്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മത്സ്യമാര്‍ക്കറ്റ്, അനാദിക്കകടകള്‍, ഫ്രൂട്ട് സ്റ്റാള്‍, സ്റ്റേഷനറി കടകള്‍ തുടങ്ങിയ മുപ്പതോളം സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തിയത്. മീത്തലെ പീടികയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ബ്രണ്ണന്‍ കോളേജിനടുത്ത ഒരു ബേക്കറിയില്‍ നിന്ന് പഴകി അഴുകിയ മിട്ടായികള്‍ പിടികൂടാനായി. ചില സ്ഥാപനങ്ങളില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. 

പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെയുള്ള പ്രചാരണ നിരോധന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെ കോട്പ ആക്ട് ലംഘിച്ചതിന് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 3600 രൂപ പിഴയീടാക്കി. 12 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ചില സ്റ്റേഷനറി കടകളില്‍ സിഗരറ്റും ബീഡിയും പുകയിക്കാന്‍ സിഗര്‍ ലൈറ്റ് കെട്ടിത്തൂക്കിയിട്ടതിനും പിഴയീടാക്കി. പരിശോധനയക്ക് പിണറായി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പ്രഭാകരന്‍, എച്ച്.ഐമാരായ ബാലകൃഷ്ണന്‍, സതീശന്‍, സരള, ജെഎച്ച് ഐ സി.കെ.മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.