തലശ്ശേരിയില്‍ വന്‍ അഗ്‌നിബാധ

Tuesday 24 July 2018 1:10 am IST

 

തലശ്ശേരി: നഗര ഹൃദയത്തില്‍ ഒവി റോഡിലുള്ള പരവതാനി എന്ന കട കത്തി നശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് തലശേരി പഴയ സ്റ്റാന്റിലെ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. ഒവി റോഡ് പഴയ സ്റ്റാന്റ് ജംഗ്ഷനിലെ ഇരുനില കെട്ടിടമായ പരവതാനി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. കിടക്കകളും ചൂടിപ്പായയും ഉള്‍പ്പെടെ വില്‍പ്പന നടത്തുന്ന മൊത്തവ്യാപാര സ്ഥാപനമാണിത്. ഇതേത്തുടര്‍ന്ന് ആകാശം മുട്ടെ പുകയുയര്‍ന്നു. കടയിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യമെത്തിയ തലശ്ശരി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണക്കാന്‍ ആരംഭിച്ചത്.

തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ വന്നതോടെ പാനൂര്‍, കൂത്തുപറമ്പ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി. തുടര്‍ന്ന് നാല് മണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഫയര്‍ഫോഴ്‌സുകാരുടെ കഠിനമായ ശ്രമം കൊണ്ട് മാത്രമാണ് തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരുന്നത്. തീപിടിത്തമുണ്ടായതറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. തീപ്പിടിത്തത്തെ തുടര്‍ന്ന് സ്ഥാപനത്തിലെ സാധന സാമഗ്രികളെല്ലാം കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തീപ്പിടിത്തത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഒവി റോഡില്‍ ഗതാഗതം നിലച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.