ജനറല്‍ ആശുപത്രി ലാബില്‍ ആവിയായിപ്പോയ മൂത്രം ബഹളമായപ്പോള്‍ പ്രത്യക്ഷപ്പെട്ടു

Tuesday 24 July 2018 1:17 am IST

 

തലശ്ശേരി: ഡ്യൂട്ടി ഡോക്ടരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രോഗി ജനറല്‍ ആശുപത്രി ലാബില്‍ കുപ്പിയിലാക്കി പരിശോധനക്ക് നല്‍കിയ മൂത്രം ആവിയായിപ്പോയെന്ന ടെക്‌നിഷ്യന്മാരുടെ അറിയിപ്പ് വാക്ക് തര്‍ക്കത്തിനിടയാക്കി. രോഗി ബഹളം വച്ചപ്പോള്‍ ആവിയായെന്ന് പറഞ്ഞ മൂത്രം മണിക്കൂറുകര്‍ക്ക് ശേഷം പഴയതുപോലെ ദ്രാവകരൂപത്തില്‍ പുറത്ത് വന്നു. പാലയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനടുത്ത് താമസിക്കുന്ന ഓട്ടോ െ്രെഡവര്‍ ഇസ്മയിലിന്റെ ഭാര്യ ഹൈറുന്നീസക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് നല്‍കിയ മൂത്രത്തിന്റെ പരിശോധനാന ഫലം ചോദിച്ച് ലാബിലെത്തിയപ്പോഴാണ് നിങ്ങള്‍ മൂത്രം തന്നിട്ടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായവര്‍ തറപ്പിച്ച് പറഞ്ഞത്. കുപ്പിയിലാക്കി നല്‍കിയിരുന്നെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ആവിയായിപ്പോയിട്ടുണ്ടാവും എന്നായിരുന്നുവത്രെ ഉദ്യോഗസ്ഥരുടെ പരിഹാസം. 

നിജസ്ഥിതി അവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ലാബിലുണ്ടായിരുന്നവര്‍ സമ്മതിച്ചില്ല. ഇതോടെ പ്രശ്‌നം പൊതു പ്രവര്‍ത്തകരുടെ ഇടപെടലില്‍ കലാശിച്ചു. അവരെത്തിയതോടെ ആവിയായിപ്പോയ മൂത്രം അണിയറയില്‍ നിന്നും അരങ്ങിലെത്തി. തെറ്റ് പറ്റിപ്പോയെന്ന് കുമ്പസാരവും. ഇത്രയും സംഭവങ്ങള്‍ക്കിടയില്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അലട്ടിയിരുന്ന വീട്ടമ്മക്ക് ഭക്ഷണം പോലും ഉപേക്ഷിച്ച് ആശുപത്രിയില്‍ അലയേണ്ടി വന്നത് ആറ് മണിക്കൂര്‍. ലാബിലെ ഉത്തരവാദപ്പെട്ടവര്‍ കാണിച്ച അലംഭാവം ആവര്‍ത്തിക്കാതിരിക്കാന്‍ വിഷയം പരാതിയായി ആശുപത്രി സുപ്രണ്ടിനെയും ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരെയും അറിയിക്കുമെന്ന് ഹൈറുന്നീസ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.