ഉത്തരകൊറിയയുടെ റോക്കറ്റ് വിക്ഷേപണകേന്ദ്രം പൊളിക്കുന്നു

Tuesday 24 July 2018 11:13 am IST

സോള്‍: ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണകേന്ദ്രം പൊളിച്ചു മാറ്റുന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള സോഹേ സ്റ്റേഷനാണ് പൊളിക്കുന്നത്. ഉത്തരകൊറിയയുടെ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്തോഷം പ്രകടിപ്പിച്ചു.

ഉത്തരകൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന യു.എസ് ആസ്ഥാനമായ 38 നോര്‍ത്ത് ആണ് അമേരിക്കക്ക് നല്‍കിയ ഉറപ്പ് പാലിച്ചു എന്ന വാര്‍ത്ത പുറത്തുവിട്ടത്. ഉത്തരകൊറിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ സോഹേ സ്റ്റേഷന്റെ സാറ്റലൈറ്റ് ചിത്രങ്ങളും 38 നോര്‍ത്ത് പുറത്തുവിട്ടു. ജൂണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഒരു ആണവപരീക്ഷണ കേന്ദ്രം പൊളിച്ചുമാറ്റുമെന്ന് ഡൊണാള്‍ഡ് ട്രംപിന് ഉറപ്പു നല്‍കിയിരുന്നു.

ഉത്തരകൊറിയയുടെ സുപ്രധാന സാറ്റ്ലൈറ്റ് വിക്ഷേപണ കേന്ദ്രമാണ് പ്യോഗ്യാങിലുള്ള സോഹേ സ്റ്റേഷന്‍. എന്നാല്‍ ഇത് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താനും ഉപയോഗിച്ചിട്ടുണ്ടെന്നാണ് യുഎസ് സംശയം ഉന്നയിക്കുന്നത്. കഴിഞ്ഞ 9 മാസങ്ങള്‍ക്കിടെ ഉത്തരകൊറിയ ഒരു മിസൈല്‍ പോലും വിക്ഷേപിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

സിംഗപ്പൂരില്‍ വെച്ച് ട്രംപും ഉന്നും നടത്തിയ കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണം സംബന്ധിച്ച കരാറില്‍ ഇരുവരും ഒപ്പിട്ടിരുന്നു. എന്നാല്‍ ആണവായുധങ്ങള്‍ എപ്പോള്‍ ഉപേക്ഷിക്കും എന്ന് വ്യക്തമാക്കാത്തതിനാല്‍ കരാര്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ആറ് ആണവ പരീക്ഷണങ്ങളാണ് ഇതിനോടകം ഉത്തരകൊറിയ നടത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഏറ്റവും അവസാനത്തെ പരീക്ഷണം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.