ശബരിമല സ്ത്രീ പ്രവേശനം : മുന്‍ നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്

Tuesday 24 July 2018 12:29 pm IST
യുവതികള്‍ക്ക് പ്രവേശനം നല്‍കാത്തത് വിവേചനമല്ലെന്നും വിശ്വാസത്തിന്റെ പേരിലാണ് പ്രവേശനം അനുവദിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ ആദ്യ നിലപാട്.

ന്യൂദല്‍ഹി: ശബരിമല സ്ത്രീ പ്രവേശന നിയന്ത്രണ വിഷയത്തില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ബോര്‍ഡിന്റെ പുതിയ തീരുമാനം അഭിഭാഷകര്‍ കോടതിയെ അറിയിച്ചില്ല. മനു അഭിഷേക് സിംഗ്‌വിയാണ് ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരാകുന്നത്. 

യുവതികള്‍ക്ക് പ്രവേശനം നല്‍കാത്തത് വിവേചനമല്ലെന്നും വിശ്വാസത്തിന്റെ പേരിലാണ് പ്രവേശനം അനുവദിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ ആദ്യ നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പുതിയ നിലപാട് ഇന്ന് വ്യക്തമാക്കാമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ എതിര്‍ത്ത് നിലപാടെടുത്ത ബോര്‍ഡ് ഇനി നിലപാട് മാറ്റിയാല്‍ സുപ്രീംകോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക രൂക്ഷ വിമര്‍ശനമായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും പഴയ നിലപാട് തന്നെ ആവര്‍ത്തിച്ചത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചപ്പോള്‍ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തത്. സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം നോല്‍ക്കുന്നത് അസാധ്യമാണെന്നാണ് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.