പാക് തെരഞ്ഞെടുപ്പ് നാളെ; മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണമെന്ന് ഇമ്രാന്‍ ഖാന്‍

Tuesday 24 July 2018 12:38 pm IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നാളെ. രണ്ട് സഭകളുള്ള പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അധോസഭയായ ദേശീയ അസംബ്ലിയിലേക്കും നാല് പ്രവിശ്യകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 342 സീറ്റുള്ള ദേശീയ അസംബ്ലിയില്‍ 272 സീറ്റിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.

342ല്‍ 60 സീറ്റ് സ്ത്രീകള്‍ക്കും 10 സീറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമാണ്. ഭൂരിപക്ഷം കിട്ടാന്‍ വേണ്ടത് 172 സീറ്റാണ്.  5 വര്‍ഷമാണ് ദേശീയ അസംബ്ലിയുടെ കാലാവധി. 3459 സ്ഥാനാര്‍ത്ഥികളാണ് ദേശീയ അസംബ്ലിയിലേക്ക് മത്സരിക്കുന്നത്. നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് എന്ന പിഎംഎല്‍എന്‍, ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന പിപിപി, മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്റെ തെഹ്രിഖ് ഇ ഇന്‍സാഫ് എന്നീ പാര്‍ട്ടികളാണ് ജനങ്ങളില്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നത്.

പാനാമ പേപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അയോഗ്യനായ നവാസ് ഷെരീഫ് ഇക്കുറി തന്റെ സഹോദരന്‍ ഷഹ്ബാസ് ഷെരീഫിനെയാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.  നവാസ് ഷെരീഫ് ജയിലിലായതോടെ പ്രചാരണത്തില്‍ മുന്നിലായിരുന്ന മുസ്ലിം ലീഗിന് വന്‍ തിരിച്ചടി നേരിടുന്നുണ്ട്. പല സ്ഥാനാര്‍ത്ഥികളും കൂറുമാറി ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുകയോ സ്വതന്ത്രരായി മല്‍സരിക്കുകയോ ചെയ്യുന്നുണ്ട്.

അഴിമതിവിരുദ്ധത മുദ്രാവാക്യവുമായാണ് ഇമ്രാന്‍ ഖാന്റെ  തെഹ്രീക് ഇ ഇന്‍സാഫ്(പിടിഐ) തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാകിസ്ഥാനില്‍ മാറ്റത്തിനുവേണ്ടി പിടിഐയ്ക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിധി മാറ്റിയെഴുതുന്നതിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മാറ്റത്തിനായി പി.ടിഐയ്ക്ക് വോട്ടുചെയ്യണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ ആവശ്യപ്പെട്ടിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.