ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 18-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ നേതൃനിരയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിലവിലെ വൈസ് പ്രസിഡന്റായ ഷീ ജിന്‍ പിങ്ങിനെ(59) തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയായി ലി കെഖ്വാങ്ങു(57ാമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രസിഡന്റ് ഹൂ ജിന്റാവോയ്ക്കും പ്രധാനമന്ത്രി വെന്‍ജിയാ ബോയ്ക്കും പകരം യഥാക്രമം ഷീ ജിന്‍ പിങ്ങിന്റെയും കെഖ്വാങ്ങിന്റെയും നേതൃത്വത്തില്‍ ചൈനയിലെ പുതിയ തലമുറയാണ് നേതൃപദവിയിലേക്ക് എത്തുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സഭയെ അഭിസംബോധന ചെയ്ത ഷീ ജിന്‍പിങ് പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന അഴിമതിയെയും പൊതുജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയില്ലായ്മയുമാണ് പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഇതിനെ അടിയന്തരമായി നേരിടുമെന്നും പറഞ്ഞു. മുന്‍ ഉപപ്രധാനമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു ഷീ ജിന്‍പിങ്ങിന്റെ പിതാവ്.
ചൈനയില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് ഭരണനേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്. പാര്‍ട്ടി അനഭിമതനായാല്‍ മാത്രമേ പ്രസിഡന്റിനെയും മറ്റും സ്ഥാനത്ത് നിന്നും അഞ്ച് വര്‍ഷത്തിനുശേഷം മാറ്റുകയുള്ളു അല്ലെങ്കില്‍ വിരമിക്കല്‍ പ്രായമായ 68 വയസ്സാകണം. സാധാരണ ഗതിയില്‍ ചൈനയില്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും 10 വര്‍ഷത്തെ ഭരണകാലാവധിയാണ് പാര്‍ട്ടി നല്‍കിവരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം, സൈനിക ശക്തി, രണ്ടാമത്തെ സമ്പത്ത് വ്യവസ്ഥ ഇങ്ങിനെയുള്ള ചൈനയുടെ നേതൃനിരയ്ക്ക് പ്രാധാന്യമേറെയാണ് ലോകരാഷ്ട്രീയത്തില്‍. ചൈനയിലെ 18-ാമത് കേന്ദ്ര കമ്മറ്റിയെയാണ് വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2,300 പ്രതിനിധികള്‍ രഹസ്യ ബാലറ്റിലൂടെയാണ് ഈ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത്. ഈ കമ്മറ്റിയാണ് രാജ്യത്തിന്റെയും പാര്‍ട്ടിയുടേയും ഉന്നത അധികാര കേന്ദ്രമായ പൊളിറ്റ് ബ്യൂറോയെയും, പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മറ്റിയെയും തെരഞ്ഞെടുക്കുന്നത്.
പുതിയ കേന്ദ്ര കമ്മറ്റിയുടെ യോഗത്തിന് ശേഷമാണ് പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളെയും ഭരണാധികാരികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത്തവണ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ ഏഴ് അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ ഇത് ഒന്‍പതായിരുന്നു. അംഗസംഖ്യയില്‍ വരുത്തിയിരിക്കുന്ന കുറവ് പാര്‍ട്ടിയുടെ ഭാവിയിലെ ചടുലമായ നീക്കങ്ങള്‍ക്ക് മുന്നോടിയാണെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: