കറുത്തവള്‍ സ്വയംതിരിച്ചറിയുന്ന ബ്ലാക് പാന്തര്‍

Tuesday 24 July 2018 3:30 pm IST

ഹോളിവുഡിന്റെ ചരിത്രത്തിലാദ്യമായി കറുത്ത സൂപ്പര്‍ ഹീറോയുടെ തകര്‍പ്പന്‍ വിജയവുമായി ബ്‌ളാക് പാന്തറിന്റെ ജൈത്രയാത്ര. കഴിഞ്ഞ ആറുമാസമായി തുടരുന്ന ഈ നേട്ടത്തിന്റെ ആഘോഷം ഇനിയും നീണ്ടുപോകും. സകല റെക്കോഡും തിരുത്തിക്കൊണ്ട് അന്തര്‍ദേശീയ സെന്‍സേഷനായിരിക്കുന്ന ചിത്രത്തില്‍ ഏറേയും ലോക പ്രശസ്ത കറുത്തനടിമാരാണ് അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ കറുത്തവന്റെ-കറുത്തവളുടെ  വിജയമെന്ന് അഭിമാനിക്കാം. 

 നിരവധി സവിശേഷതകളാണ് പലരീതികളിലും ബ്‌ളാക് പാന്തറിനുള്ളത്. ചിത്രത്തിന്റെ ഡയറക്ടറും ബ്‌ളാക്കാണ്,റയാന്‍ കൂഗ്‌ളര്‍. ഹിറ്റുകളുടെ നിര്‍മാതാക്കളായ മാര്‍വല്‍ സ്റ്റുഡിയോയാണ് നിര്‍മ്മാണം. അന്തര്‍ദേശീയമായി ഒരു കറുത്ത മുദ്രയും അതിന്റെ  നേതൃത്വവും പ്രതിബദ്ധതയോടെ മാര്‍ക്കറ്റ് ചെയ്താണ് ഈ സിനിമ എല്ലാവരുടേതുമായിത്തീര്‍ന്നിരിക്കുന്നത്.  ലോകമെമ്പാടും ചിത്രം റിലീസ് ചെയ്ത ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പത്തുലക്ഷം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. 

കറുത്തവരുടെ ദുഖവും ദരിതവും പട്ടിണിയും പരിവട്ടവും അടിമത്തവും തന്നെ സിനിമയിലും കണ്ടു മടുത്ത കാണികള്‍ക്ക് അവരുടെ പോരാട്ടത്തിന്റേയും വിജയത്തിന്റേയും അതിനായുളള ആധുനികതയുടേയും കരേറ്റമാണ് ബ്‌ളാക് പാന്തര്‍. മികച്ച സംവിധാനവും അഭിനയവും ഫോട്ടാഗ്രാഫിയും മാത്രമല്ല ആധുനിക ടെക്‌നോളജിയും ചേര്‍ന്ന് ആഫ്രിക്കയേയും ലോകത്തെത്തന്നേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമ്പരിപ്പിക്കുകയാണ് ഈ സിനിമ. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ ലോകപ്രശസ്ത അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. ലെറ്റീഷ റൈറ്റ്, ഡനൈ ഗുരിര, ലുപ്പിറ്റ ന്യോംങ് തുടങ്ങിയ പ്രഗല്‍ഭര്‍ക്കൊപ്പം കറുത്ത അമേരിക്കന്‍ നടന്മാര്‍ കൂടിയുണ്ട്.

ബ്ലാക് പാന്തര്‍ പോലുള്ള സിനിമകള്‍ ലോകത്താകമാനമുള്ള കറുത്ത വര്‍ഗക്കാരുടെ, വിശേഷിച്ച് കറുത്ത സ്ത്രീകളുടെ പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്രയുംകൂടിയാണ്. അവരുടെ സയന്‍സ്, ഗണിതം, ടെക്‌നോളജി,എന്‍ജിനിയറിംങ് എന്നിങ്ങനെയുള്ള വളര്‍ച്ചയുടേയും ദിശാസൂചികയും. തങ്ങളെ തന്നെയാണ് ഈ ചിത്രം കാണുന്ന ആഫ്രിക്കക്കാരായ പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്.         

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.