ബടുകയുടെ പ്രിയങ്കരി

Wednesday 25 July 2018 1:02 am IST
ബടുകയില്‍ പാടാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നാണ് രാധികയുടെ പക്ഷം. ബടുകയ്ക്ക് ലിപിയില്ലാത്തതുകൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടാണ് പാട്ട് എഴുതിക്കൊണ്ടിരുന്നത്. ഭാഷ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹപ്രവര്‍ത്തകരും ഒരുപാട് സഹായിച്ചു.

നീലഗിരിയിലെ ഒരു ഗോത്രവിഭാഗമാണ് ബടുക. ഇവിടുത്തെ ആളുകള്‍ സംസാരിക്കുന്നത് ലിപിയില്ലാത്ത ബടുകയെന്ന ഭാഷയാണ്. ലോകത്തിന്റെ സിനിമാ ഭൂപടത്തില്‍ കൊച്ചുവരപോലെ ബടുകയും ഉണ്ട്. ഭൂമിയുടെ ഏത് കോണില്‍ ചെന്നാലും ഒരു മലയാളി സാന്നിധ്യം ഉറപ്പാണ്. ഇവിടെയും ആ പതിവ് തെറ്റിയില്ല. ബടുകയിലെ കീര്‍ത്തികേട്ട ഗായികയാണ് രാധിക. രാധികയും സഹോദരി ലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഗാനം യുട്യൂബില്‍ ഹിറ്റായി കഴിഞ്ഞു.

ബടുകയിലേക്കെത്തിയത്

ഭക്തി ഗാനങ്ങളിലൂടെയാണ് ബടുക ഭാഷയില്‍ തുടക്കമിട്ടത്. വിശു എന്ന സംഗീത സംവിധായകനാണ് രാധികയെ ബടുകയിലേക്ക് പരിചയപ്പെടുത്തുന്നത്. 'സോലേ ഗായീ...' എന്ന ഗാനത്തിലൂടെ രാധിക ബടുക വിഭാഗക്കാര്‍ക്ക് പരിചിതയായി. ഭക്തിഗാനങ്ങള്‍ ഉള്‍പ്പടെ നിരവധി ഗാനങ്ങളിലൂടെ രാധിക ഇതിനകം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി കഴിഞ്ഞു. 

ബടുകയില്‍ പാടാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നാണ് രാധികയുടെ പക്ഷം. ബടുകയ്ക്ക് ലിപിയില്ലാത്തതുകൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടാണ് പാട്ട് എഴുതിക്കൊണ്ടിരുന്നത്. ഭാഷ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹപ്രവര്‍ത്തകരും ഒരുപാട് സഹായിച്ചു. ബടുക വിഭാഗക്കാരുടെ പ്രിയങ്കരിയായ രാധികയെ കാത്തിരിക്കുന്നത് നിരവധി ഗാനങ്ങളാണ്.

കളിയില്‍ തുടങ്ങിയ കാര്യം

ചെറുപ്പം മുതല്‍ സംഗീതം അഭ്യസിക്കുന്നവരാണ് രാധികയും സഹോദരി ലക്ഷ്മിയും. സമയം കിട്ടുമ്പോഴൊക്കെ ഇരുവരും സംഗീതത്തില്‍ മുഴുകും. അങ്ങനെയൊരിക്കല്‍ പാടിയപ്പോള്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് രതീഷിന്റെ ആശയമായിരുന്നു ഇരുവരും ഒരുമിച്ചുള്ള പാട്ട്. ഇത് ഓം..ശംഭോ ശിവ ശംഭോ എന്ന കീര്‍ത്തനത്തിലേക്കെത്തിച്ചു. പിന്നീടത് യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തപ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അതോടെ ഇരുവരും താരങ്ങളായി.

സംഗീതത്തിലേക്കുള്ള വരവ്

ചെറുപ്പം മുതല്‍ രാധിക സംഗീതം അഭ്യസിക്കുന്നുണ്ട്. ആറാം ക്ലാസുമുതല്‍ സംഗീതം കൂട്ടായിട്ടുണ്ട്. കോയമ്പത്തൂര്‍ പാര്‍വ്വതി മണിയാണ് ഗുരു. ലക്ഷ്മിയും രാധികയും ഒരുമിച്ചായിരുന്നു മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഇരുവരുടേയും വേദികളായിരുന്നു. ലക്ഷ്മിയെയും രാധികയെയും കോയമ്പത്തൂര്‍ സിസ്റ്റേഴ്‌സ് എന്ന മേല്‍വിലാസത്തോടെയായിരുന്നു പൊതുവേദികളില്‍ പരിചയപ്പെടുത്തിയിരുന്നത്. 

സ്‌കൂളുകളിലെ കലാപരിപാടികളില്‍ ഇരുവരും സജീവ സാന്നിധ്യം അറിയിച്ചു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ സെമിഫൈനലില്‍ വരെ എത്താന്‍ രാധികയ്ക്ക് കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹംകൊണ്ട് ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ സാധിക്കുന്നുണ്ടെന്ന് പറയുമ്പോള്‍ ഈ കലാകാരിയുടെ മുഖത്ത് നിറഞ്ഞ സന്തോഷം.

പ്രിയം സാഹിത്യത്തോടും

സംഗീതം മാത്രമല്ല തനിക്ക് പ്രിയം, സാഹിത്യവും  പ്രിയപ്പെട്ടതാണ്. സാഹിത്യത്തിനോടുള്ള ഇഷ്ടം അവസാനിച്ച് നില്‍ക്കുന്നത് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടടറേറ്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. സംഗീതത്തെയും സാഹിത്യത്തെയും ഒരുമിച്ചുകൊണ്ടു പോകാനാണ് രാധികയ്ക്കിഷ്ടം. സംഗീതം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങുമെന്ന് ഈ കലാകാരി തെളിയിക്കുന്നു. ആ പ്രിയം രൂപാന്തരം പ്രാപിച്ചത് ചില ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ വരുന്ന കോളം എഴുത്തിലൂടെയാണ്. സംഗീതമാണോ സാഹിത്യമാണോ ഏറ്റവും പ്രിയം എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടുള്ള മറുപടി- രണ്ടും പ്രിയപ്പെട്ടത്.

പുരസ്‌കാരങ്ങള്‍

സ്‌കൂള്‍ തലം മുതല്‍ നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളും രാധികയെ തേടിയെത്തി. ബടുകയിലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌ക്കാരവും രാധികയ്ക്ക് സ്വന്തമാണ്. കൂടാതെ റോട്ടറി ക്ലബിന്റെ വുമണ്‍ ഓഫ് എക്‌സലന്‍സിനുള്ള അവാര്‍ഡും കരസ്ഥമാക്കി.

കുടുംബം

പല കലാകാരന്മാരുടേയും വിജയത്തിനു പിന്നിലെ രഹസ്യം അവരുടെ കുടുംബം തന്നെയാണ്. കുടുംബം നല്‍കുന്ന പിന്തുണയാണ് രാധികയുടെ വിജയത്തിനും ആധാരം. ഭര്‍ത്താവ് ജോണും അച്ഛന്‍ വേണുഗോപാലും അമ്മ നന്ദിനിയും എപ്പോഴും നിഴലായുണ്ട്. ഒരു വയസ്സുള്ള മകന്‍ ആരവ് അമ്മയുടെ മൂളിപ്പാട്ടിന് താളം പിടിക്കുന്നുണ്ട്. ഭര്‍ത്താവും കുഞ്ഞുമായി മസ്‌ക്കറ്റിലാണ് രാധിക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.