മട്ടന്നൂര്‍ നഗരസഭാ പരിധി സിസിടിവി നിരീക്ഷണത്തിലേക്ക്

Tuesday 24 July 2018 9:58 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതിനു മുന്നോടിയായി മട്ടന്നൂര്‍ നഗരസഭ പരിധി സമ്പൂര്‍ണ്ണമായി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാകും. പ്രധാന പാതകളിലെല്ലാം മുന്‍കൈയെടുത്താണ് സിസിടിവി ക്യാമറ സ്ഥാപിക്കുന്നത്. ബസ് സ്റ്റാന്റിലും ഉരുവച്ചാല്‍ മുതല്‍ കളറോഡ് വരെയും വായാന്തോട് മുതല്‍ വിമാനത്താവളത്തിന്റെ രണ്ടാം കവാടം വരെയും മരുതായി റോഡില്‍ നഗരസഭ ഓഫീസ് വരെയുമാണ് ക്യാമറകള്‍ സ്ഥാപിക്കുക. നഗരത്തില്‍ ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ്, രണ്ട് ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയും പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും. നഗരത്തിലെത്തുന്ന വാഹനങ്ങളെല്ലാം നിരീക്ഷിക്കാനും വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ തുടര്‍നടപടി സ്വീകരിക്കാനും മോഷണം, പിടിച്ചുപറി, അക്രമം എന്നിവ തടയുന്നതിനും ലക്ഷ്യമിട്ടാണ് മട്ടന്നൂരിനെ പൂര്‍ണ്ണമായും ക്യാമറയുടെ നിരീക്ഷണത്തിലാക്കുന്നത്.നഗരത്തിലും പാതയോരങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പിടിവീഴും. ഇതിന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം തുറക്കും. ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉടന്‍ ക്യാമറകള്‍ സ്ഥാപിച്ചു ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.