കഎസ്ഇബി മാതമംഗലം സെക്ഷന്‍ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്നു

Tuesday 24 July 2018 10:01 pm IST

 

പയ്യന്നൂര്‍: ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവിലും ദൂരപരിധിയിലും ജില്ലയില്‍ മുന്നിലുള്ള ഇലട്രിസിറ്റി ഓഫീസിന് ജീവനക്കാരുടെ തസ്തികയിലടക്കം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ അവഗണന. കെഎസ്ഇബി മാതമംഗലം സെക്ഷനാണ് പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്നത്.

എരമം-കുറ്റൂര്‍, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെയും പയ്യന്നൂര്‍ നഗരസഭയിലെയും വിവിധ പ്രദേശങ്ങളടക്കം 140 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭൂപ്രദേശത്തെ 20,000ത്തിലധികം ഉപഭോക്താക്കളുള്ള സെക്ഷനാണിത്. എന്നാല്‍ സമീപ സെക്ഷനുകളില്‍ 20 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 6000 ഉപഭോക്താക്കളുമുള്ള കുഞ്ഞിമംഗലം, 40 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 8,000 ഉപഭോക്താക്കളുമുള്ള പരിയാരം, 40 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 10,000 ഉപഭോക്താക്കളുമുള്ള പാടിയോട്ടുചാല്‍ എന്നിവിടങ്ങളിലുള്ള സൗകര്യങ്ങള്‍ പോലും മാതമംഗലത്ത് പരിമിതമാണ്.

 ഏറെയും മലയോര പ്രദേശങ്ങളായതിനാല്‍ പ്രകൃതിക്ഷോഭ നാശങ്ങളുണ്ടാകുമ്പോള്‍ അറ്റകുറ്റപണിക്ക് രാപ്പകലില്ലാതെ കിലോമീറ്ററുകള്‍ താണ്ടിയാണ് ജീവനക്കാര്‍ എത്തുന്നത്. ജീവനക്കാരുടെ കുറവും എന്നും പ്രശ്‌നമാണ്.

വനിതാ ജീവനക്കാരടക്കം 33 പേര്‍ ജോലി ചെയ്യുന്ന സെക്ഷന്‍ ഓഫീസ് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സിന്റെ മുകള്‍നിലയില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കന്നത്. കെട്ടിടത്തിന്റെ താഴെ പിന്‍ഭാഗത്തുള്ള പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലറ്റില്‍ ചെളിയിലൂടെ കടന്നുവേണം പോകാന്‍. അതിനകത്ത് വെള്ളവുമില്ല.

ഓഫീസില്‍ പണമടക്കാന്‍ വരുന്നവരടക്കം നിന്ന് തിരിയാനാകാതെ വിഷമിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതി മുടക്കത്തെച്ചൊല്ലി ചില പ്രദേശത്തുകാര്‍ ഓഫീസ് ആക്രമിച്ച സംഭവമുണ്ടായിട്ടും ഇവിടുത്തെ പരിമിതികള്‍ മേലധികാരികള്‍ പരിഗണിക്കുന്നില്ല.

 വെള്ളോറ കേന്ദ്രമായി പുതിയൊരു സെക്ഷന്‍ ഓഫീസ് തുടങ്ങുകയും സമീപത്തെ ഇതര സെക്ഷനുകളിലേക്ക് പരിധി മാറ്റുകയും ചെയ്താല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.