ഗ്രാമങ്ങളില്‍ നഗരസൗകര്യങ്ങള്‍: കേന്ദ്ര സര്‍ക്കാരിന്റെ ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു മാങ്ങാട്ടിടം, കോട്ടയം പഞ്ചായത്തുകളില്‍ 126 കോടിയുടെ പദ്ധതികള്‍

Tuesday 24 July 2018 10:02 pm IST

 

കണ്ണൂര്‍: ഗ്രാമങ്ങളില്‍ നഗരസൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ (എസ്പിഎംആര്‍എം) പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. നഗരവും ഗ്രാമവും ചേര്‍ന്നത് (റൂറല്‍+അര്‍ബന്‍=റര്‍ബന്‍) എന്ന് അര്‍ത്ഥം വരുന്ന പദ്ധതി രാജ്യത്ത് 100 ക്ലസ്റ്ററുകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇതില്‍ കേരളത്തിന് ലഭിച്ച നാല് ക്ലസ്റ്ററുകളില്‍ ഒന്നാണ് കണ്ണൂരിലേത്. വിവിധ പദ്ധതികളിലായി 126 കോടി രൂപയുടെ പ്രവൃത്തികളാണ് റര്‍ബന്‍ മിഷനിലുള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്നത്. പദ്ധതി വിഹിതം തികയാതെ വരുമ്പോള്‍ ഉപയോഗിക്കുന്നതിന് ക്രിറ്റിക്കല്‍ ഗാപ് ഫണ്ടായി കേന്ദ്രം നല്‍കുന്ന 30 കോടി ഉള്‍പ്പെടെയാണിത്. ജില്ലയിലെ മാങ്ങാട്ടിടം, കോട്ടയം പഞ്ചായത്തുകളടങ്ങുന്ന ക്ലസ്റ്ററില്‍ 20ലേറെ പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി. നൂറോളം പദ്ധതികള്‍ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. 

വിദ്യാഭ്യാസം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജല വിതരണം, ഗതാഗതം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലെയും ഉന്നമനം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. വ്യക്തികളുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമാക്കി 116 പേര്‍ക്ക് 4000 രൂപയുടെ കൈത്തറി യൂണിറ്റ് വിതരണം ചെയ്തിരുന്നു. കുടുംബശ്രീയുടെ ചെറുകിട സംരംഭക യൂണിറ്റുകള്‍, കൊപ്ര സംഭരണ കേന്ദ്രം, ശീതീകരണവും വാഹന സൗകര്യവുമടക്കമുള്ള പച്ചക്കറി സംഭരണ വിതരണ കേന്ദ്രം, ഇ- സാക്ഷരത- ഓണ്‍ലൈന്‍ പരീക്ഷാ-പരിശീലന കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുന്നതിനായി മാങ്ങാട്ടിടം പഞ്ചായത്തിലെ കൊയിലോടില്‍ റര്‍ബന്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. 

ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തേ കര്‍ഷകര്‍ക്ക് പമ്പ് സെറ്റ് വിതരണം ചെയ്തിരുന്നു. കൂടാതെ വിദ്യാലയങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റ്്, എല്‍ പി ജി കണക്ഷന്‍, കുളം നവീകരണം, മഴവെള്ള സംഭരണി, സട്രീറ്റ് ലൈറ്റുകളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തിയായി. രണ്ട് പഞ്ചായത്തുകളിലുമായി മൂന്ന് അംഗന്‍വാടികളും ഇതിനോടകം നിര്‍മ്മിച്ചു. പുതുതായി 11 അംഗനവാടികള്‍ നിര്‍മ്മിക്കുന്നതിനും അംഗന്‍വാടികളില്‍ കുടിവെള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനും കൗമാരക്കാര്‍ക്കുള്ള കൗണ്‍സലിങ് സെന്ററുകള്‍ ഒരുക്കുന്നതിനുമായി 2.88 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 2.78 കോടി രൂപയുടെ വിവിധ പദ്ധതികള്‍ റര്‍ബന്‍ മിഷന്റെ ഭാഗമായി രണ്ട് പഞ്ചായത്തിലും നടപ്പിലാക്കി വരുന്നു. കംമ്പോസ്റ്റ് യൂണിറ്റ്്, ബയോഗ്യാസ് യൂണിറ്റ്, പ്ലാസ്റ്റിക് ആന്റ് ഇ-വേയ്സ്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ഇരു പഞ്ചായത്തുകളിലും പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും റോഡുകളുടെ നവീകരണത്തിനുമായി 19.446 കോടി രൂപയുടെ പദ്ധതിയും നല്ല രീതിയില്‍ മുന്നോട്ടുനീങ്ങുന്നു. 

രണ്ട് മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം, രണ്ട് ഇന്‍സിനെറേറ്ററുകള്‍, രണ്ട് ഇ.സി.ജി യന്ത്രങ്ങള്‍, എക്‌സ് റേ യൂണിറ്റ്് എന്നിവ പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയില്‍ സ്ഥാപിക്കും. കോട്ടയം പി എച്ച് സിയുടെ നവീകരണം, മാങ്ങാട്ടിടം പി എച്ച് സിയില്‍ റീഹാബിലിറ്റീഷന്‍ സെന്റര്‍ നിര്‍മ്മാണം, രണ്ട് ഹെല്‍ത്ത് സബ് സെന്ററുകളുടെ നിര്‍മ്മാണം, മൃതദേഹം സൂക്ഷിക്കുന്നതിനുള്ള രണ്ട് ഫ്രീസറുകള്‍ വാങ്ങല്‍, വെറ്റിനറി സബ് സെന്റര്‍ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. 

റര്‍ബന്‍ മിഷനു വേണ്ടി സമഗ്ര ക്ലസ്റ്റര്‍ കര്‍മപദ്ധതി (ഐസിഎപി)യുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദ പദ്ധതി രേഖയ്ക്ക് 2017ല്‍ തന്നെ ഭരണാനുമതി ലഭിച്ചിരുന്നു. 2019 മാര്‍ച്ചോടെ മിഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന രീതിയുള്ള ജാഗ്രത നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണമെന്ന് പദ്ധതി അവലോകന യോഗത്തില്‍ പി.കെ.ശ്രീമതി എംപി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.