താമസമായ ജ്ഞാനം

Wednesday 25 July 2018 1:07 am IST

അധ്യായം-18

22-ാം ശ്ലോകം

ഏകസ്മിന്‍ കാര്യേ സക്തം

ഒരു സാധാരണ മനുഷ്യന്റെ ജ്ഞാനം-അറിവ്-ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഒന്നുകില്‍ ദേഹത്തിന്റെ കാര്യത്തില്‍ വിശപ്പുമാറ്റാന്‍ ഭക്ഷണം വേണം. കിടന്നുറങ്ങാന്‍ വീടുവേണം. രതിസുഖം അനുഭവിക്കാന്‍ ഒരു ഭാര്യ വേണം- ഇങ്ങനെ ഏതെങ്കിലും ഒരു അറിവില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഇതാണ് ഒരു ലക്ഷണം.

കൃത്സവത്- അങ്ങനെ ഒരു കാര്യത്തെ മാത്രമേ അറിയുള്ളൂവെങ്കിലും, എല്ലാം അറിയാം എന്ന ഭാവം ഉണ്ടാവും. ഇതു മറ്റൊരു ലക്ഷണം.

അഹൈതുകം-കാരണ സഹിതം യുക്തിയുക്തമായി ചിന്തിച്ച് ജ്ഞാനത്തിന്റെ വ്യാപ്

തിയും അഗാധതയും കൂട്ടുകയേ ഇല്ല. ഇത് വേറൊരു ലക്ഷണം.

അതത്ത്വാര്‍ത്ഥവദ്-ശാസ്ത്രങ്ങള്‍ അഭ്യസിച്ച് യഥാര്‍ത്ഥജ്ഞാനം അല്ല നേടുന്നത്. അതിനാല്‍ യഥാരൂപം ഒരു വസ്തുവിനെക്കുറിച്ചും ജ്ഞാനം നേടുകയേ ഇല്ല. ഇതാണ് മറ്റൊരു ലക്ഷണം.

അല്‍പം- അറിയേണ്ടുന്ന വസ്തുവിനെക്കുറിച്ചു വളരെ കുറച്ചു മാത്രമേ അറിഞ്ഞിരിക്കുകയുള്ളൂ; ഇനിയും ഒരുപാട് വസ്തുതകള്‍ അറിയേണ്ടിയിരിക്കുന്നു. ഇതിനെ താമസഗുണയുക്തമായ ജ്ഞാനം എന്ന് പറയാം.

ഭൗതിക ജീവിതത്തെപ്പറ്റിയായാലും, ആധുനിക ശാസ്ത്രങ്ങളെപ്പറ്റിയായാലും, കലാ-സാഹിത്യവിദ്യകളെക്കുറിച്ചായാലും തമോഗുണയുക്തമായ ജ്ഞാനത്തിന്റെ രൂപവും സ്വഭാവവും ഇങ്ങനെയൊക്കെത്തന്നെയാണ്. ആത്മീയകാര്യങ്ങളെപ്പറ്റി ഒന്നും അറിയുകയില്ല.

എങ്കിലും താമസമായ ജ്ഞാനമുള്ളവര്‍ യുക്തിവാദം നടത്തുന്നതു പറയുന്നു; അതേസമയം പ്രതിമയെ ആരാധിക്കുകയും ചെയ്യുന്നു. പ്രതിമയില്‍ ഈശ്വരനുണ്ടെങ്കില്‍ പ്രതിമ നശിക്കുമ്പോള്‍ ഈശ്വരനും നശിച്ചില്ലെ?- ''ഇങ്ങനെയാണ് താമസജ്ഞാനം എന്ന് മനസ്സിലാക്കണം. മോക്ഷം ആഗ്രഹിക്കുന്നവര്‍ സാത്വിക ജ്ഞാനം തന്നെ നേടണം.

സാത്ത്വിക ഗുണയുക്തമായ കര്‍മ്മം 

(അധ്യായം-18-23-ാം ശ്ലോകം)

(1) നിയതം-വേദങ്ങളിലും ധര്‍മശാസ്ത്രങ്ങളിലും നിത്യവും അനുഷ്ഠിക്കേണ്ടതായി പല കര്‍മങ്ങളും വിധിച്ചിട്ടുണ്ട്. വര്‍ണങ്ങളെയും ആശ്രമങ്ങളെയും അനുസരിച്ചാണ് നാം ജീവിതം നയിക്കുന്നതെങ്കില്‍ ആ കര്‍മങ്ങള്‍ അനുഷ്ഠിക്കുക തന്നെ വേണം.

(2) സംഗരഹിതം-ഏതു രീതിയിലാണ് കര്‍മങ്ങള്‍ ചെയ്യേണ്ടതെന്ന് പറയുന്നു. ''ഞാനാണ് ഈ കര്‍മം ചെയ്യുന്നത്, ശാസ്ത്രങ്ങളില്‍ കാണുന്ന കര്‍മഫലം എനിക്ക് അനുഭവിക്കണം'' എന്ന ആസക്തിയില്ലാതെ തന്നെ ചെയ്യുന്ന കര്‍മം സാത്ത്വികമായിത്തീരും.

(3) അരാഗദ്വേഷതഃ കൃതം-ബഹുജനങ്ങളുടെ ആദരണമോ, പൂജയോ, സ്തുതിയോ ആഗ്രഹിക്കാതെ തന്നെ കര്‍മങ്ങള്‍ ചെയ്യണം. ഈ കര്‍മം ചെയ്ത് ശത്രുവിനെ പരാജയപ്പെടുത്താം എന്ന ദ്വേഷണബുദ്ധിയും കര്‍മാനുഷ്ഠാനത്തിന് കാരണമായിത്തീരാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്ന കര്‍മം മാത്രമേ സാത്ത്വിക ഗുണയുക്തമാവുകയുള്ളൂ.

(4) അഫലപ്രേപ്‌സുനാ

നല്ല ഭാര്യയെ ലഭിക്കണം, പുത്രന്മാര്‍ വേണം ധാരാളം ധനം ലഭിക്കണം എന്നിങ്ങനെ ഒരു ആഗ്രഹവും കര്‍മം ചെയ്യുന്ന ആള്‍ക്ക് ഉണ്ടാവരുത്. മേല്‍പ്പറഞ്ഞ നാലുതരം ലക്ഷണങ്ങളുമുള്ള കര്‍മം മാത്രം സത്ത്വഗുണപൂര്‍ണമായ കര്‍മമാണ്.

രജോഗുണ പൂര്‍ണമായ കര്‍മം

(അധ്യായം-18-24 ശ്ലോകം)

(1) കാമേപ്‌സുനാ ക്രിയതേ കര്‍മ

ഈ കര്‍മത്തിന്റെ ഫലം എനിക്കു തന്നെ ലഭിക്കണം എന്ന അത്യാഗ്രഹം ഉള്ളവന്‍ ചെയ്യുന്ന കര്‍മങ്ങളെല്ലാം രജോഗുണം നിറഞ്ഞതാണ്.

(2) സാഹംകാരേണ വാ

എനിക്ക് തുല്യനായിട്ടു വേറെ ആരും വൈദികര്‍മാനുഷ്ഠാനത്തില്‍ പ്രാവീണ്യം നേടിയവര്‍ ഇല്ല എന്ന അഹങ്കാരത്തോടെ ചെയ്യുന്ന കര്‍മവും രജോഗുണം നിറഞ്ഞതാണ്.

(3) ബഹുലായാസം

കര്‍മത്തിന്റെ അനുഷ്ഠാന വേളയില്‍, ആരംഭം മുതല്‍ സമാപ്തിവരെ, ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ വന്നുപെട്ടാല്‍ പോലും അതിനെയെല്ലാം നേരിട്ടുകൊണ്ട് ചെയ്യുന്ന കര്‍മ രജോഗുണം നിറഞ്ഞതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.