ഒരു നാഴിയില്‍ മറ്റൊരു നാഴിയോ?

Wednesday 25 July 2018 1:18 am IST
ബാലകൃഷ്ണപിള്ള കണ്ണിറുക്കിയപ്പോള്‍ അതില്‍ വീണ സ്‌കറിയ കുറച്ചുകാലമായി ചര്‍ച്ചയിലുമായിരുന്നു. ഒടുവില്‍ ഇടതില്‍ കട്ടില്‍ കിട്ടിയ സ്‌കറിയയും കാത്തിരുന്ന പിള്ളയും നാമൊന്ന് നമുക്കൊന്ന് എന്ന നിലപാടിലെത്തി. ചൊവ്വാഴ്ച ലയനപ്രഖ്യാപനം നടത്താന്‍ മുഹൂര്‍ത്തവും കുറിച്ചു. പെട്ടെന്നാണ് ലയനനീക്കത്തിന് കല്ലുകടി ഉണ്ടായത്. കല്യാണത്തലേന്ന് പെണ്ണൊളിച്ചുപോയി എന്നപോലെ, വാര്‍ത്താസമ്മേളനം മാറ്റി.

ആര്‍. ബാലകൃഷ്ണപിള്ള ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, മന്ത്രി, എംപി എന്നീ നിലകളില്‍ ജനപ്രീതി നേടിയ ബാലകൃഷ്ണ പിള്ള ഒന്നൊന്നര വ്യക്തിത്വമാണ്. രാജ്യദ്രോഹ പ്രസംഗം നടത്തിയതിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന ബാലകൃഷ്ണപിള്ള ജയിലില്‍നിന്നിറങ്ങി ജയില്‍ മന്ത്രിയായ ചരിത്രവുമുണ്ട്. കൂറുമാറ്റനിയമപ്രകാരം ആദ്യമായി നിയമസഭാംഗത്വത്തില്‍നിന്നും പുറത്തുപോകേണ്ടിവന്ന കേരളത്തിലെ ആദ്യനേതാവെന്ന ഖ്യാതിയും (?) ബാലകൃഷ്ണപിള്ളയ്ക്ക് സ്വന്തമാണ്.

അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്ന ഈ മുന്‍മന്ത്രിക്ക് കൂടുവിട്ട് കൂടുമാറുക എന്നത് ഒരു വിനോദമാണെന്ന്തന്നെ പറയാം. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവാണെന്ന് അടിക്കടി പറയുന്ന ബാലകൃഷ്ണപിള്ള പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ നിന്നാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുന്നത്. 

കൊല്ലം വാളകത്തെ കീഴൂട്ടില്‍ രാമന്‍ പിള്ളയുടെ മകന്‍. രാമന്‍ പിള്ള ധനാഢ്യനും ഭൂസ്വാമിയുമായിരുന്നു. കൊല്ലത്തും കന്യാകുമാരിയിലുമായി കണ്ണെത്താത്ത ദൂരത്തില്‍ ഭൂസ്വത്തുള്ള രാമന്‍പിള്ളയ്ക്ക് കണികാണാന്‍ ആനകളാണ്. ആ ആനകളെ കണികണ്ട് വളര്‍ന്ന ബാലകൃഷ്ണപിള്ള കുടുംബത്തിന്റെ കണ്ണിലുണ്ണി തന്നെയായിരുന്നു. രാഷ്ട്രീയത്തിലിറങ്ങി ആളാകാന്‍ ഏറെ ധനനഷ്ടം സഹിച്ച ബാലകൃഷ്ണപിള്ളയ്ക്ക് നീതിലഭിച്ചോ എന്ന സംശയം കുടുംബത്തിനും കൂട്ടുകാര്‍ക്കുമെല്ലാമുണ്ട്. കണ്ണടയ്ക്കാന്‍നേരം ആളേറെയുള്ള മുന്നണിയില്‍ ചേരാനും റീത്തുകളുടെ കൂമ്പാരംകൊണ്ട് മൂടണമെന്നും ആഗ്രഹിക്കുന്നത് സ്വാഭാവികം. ഈ ആഗ്രഹം സഫലീകരിക്കാന്‍ കണ്ടെത്തിയ മാര്‍ഗം ഇടതുമുന്നണിയില്‍ ഇടംകിട്ടുക എന്നതായിരുന്നു.

യുഡിഎഫ് ഭരണത്തില്‍ കാബിനറ്റ് പദവിയോടെ മുന്നാക്ക കമ്മീഷന്‍ ചെയര്‍മാന്‍ പദവി ലഭിച്ചിട്ടും കമ്മീഷന്‍ കിട്ടാന്‍ ഒരു മാര്‍ഗവും ഇല്ലെന്ന് ബോധ്യമായപ്പോഴാണ് എംഎല്‍എ ആയ മകനെയും കൂട്ടി ഇടതുപാളയത്തിലെത്തിയത്. മകന് പത്തനാപുരത്ത് മത്സരിക്കാന്‍ അവസരം ലഭിച്ച് ജയിച്ചെങ്കിലും കോലായിലേ ഇടംലഭിച്ചുള്ളു. അകത്തൊരു കസേരയും പന്തിയില്‍ രണ്ടിലയും മോഹിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. വേലയുംകൂലിയുമില്ലാതെ കോലായില്‍ കുത്തിയിരുന്നാലോചിച്ചപ്പോഴാണ് എകെജി സെന്ററിന്റെ അകത്ത് ഒരു കുഞ്ഞിക്കാലുപോലുമില്ലാത്ത ഒരു കക്ഷി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 

മുട്ടുവിന്‍ തുറക്കപ്പെടുമെന്ന വേദവാക്യം ഒരുപാട് കേട്ടിട്ടുള്ള പിള്ള ഒന്ന് മുട്ടിനോക്കി, സ്‌കറിയാ തോമസിന്റെ വാതിലില്‍. സ്‌കറിയ മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഒരാളെ കിട്ടുമെന്ന സന്തോഷത്തില്‍ വാതില്‍ തുറന്നു. കണ്ണുകള്‍ രണ്ടും ഉടക്കി. രാഹുല്‍ പാര്‍ലമെന്റില്‍ ഇരുന്ന് കണ്ണിറുക്കിയപോലെ പിള്ളയൊന്ന് അടച്ചുതുറന്നപ്പോള്‍ സ്‌കറിയാ തോമസിന് കോള്‍മയിര്‍കൊണ്ടിരിക്കണം. 

കെ.എം. മാണിയുമായി പിണങ്ങി സ്‌കറിയാതോമസിനോടൊപ്പം കേരള കോണ്‍ഗ്രസ് വിട്ട സ്‌കറിയാ തോമസ് ഇടയ്ക്ക് ബിജെപിയ്‌ക്കൊപ്പമെത്തി. പി.സി.തോമസ് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പുറം ഇടപാടുകളെല്ലാം നടത്തിയത് സ്‌കറിയയാണെന്നായിരുന്നു നാട്ടുവര്‍ത്തമാനം. കേരളാ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ രാജ്യസഭാംഗമായിരുന്ന സ്‌കറിയ ഒടുവില്‍ പി.സി.തോമസിനെയും ഉപേക്ഷിച്ചാണ് ഇടതുമുന്നണിയോടൊപ്പം എത്തിയത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ ഇടതുസ്ഥാനാര്‍ത്ഥിയുമായി. ഇടത് മുന്നണിയില്‍ ഇടവും കിട്ടിയതാണ്. ബാലകൃഷ്ണ പിള്ള കണ്ണിറുക്കിയപ്പോള്‍ അതില്‍ വീണ സ്‌കറിയ കുറച്ചുകാലമായി  ചര്‍ച്ചയിലുമായിരുന്നു. ഒടുവില്‍ ഇടതില്‍ കട്ടില്‍ കിട്ടിയ സ്‌കറിയയും കാത്തിരുന്ന പിള്ളയും നാമൊന്ന് നമുക്കൊന്ന് എന്ന നിലപാടിലെത്തി. ചൊവ്വാഴ്ച ലയന പ്രഖ്യാപനം നടത്താന്‍ മുഹൂര്‍ത്തവും കുറിച്ചു. പെട്ടെന്നാണ് ലയന നീക്കത്തിന് കല്ലുകടി ഉണ്ടായത്. കല്യാണത്തലേന്ന് പെണ്ണൊളിച്ചുപോയി എന്നപോലെ. വാര്‍ത്താസമ്മേളനം മാറ്റി. മുകളില്‍ ആരുവേണം എന്നതാണത്രെ തര്‍ക്കം. സ്‌കറിയ താഴെ ഇരിക്കാന്‍ തയ്യാറല്ല. മുകളിലിരുന്നേ പിള്ളയ്ക്ക് ശീലമുള്ളു. രണ്ടുപേരും എംപിമാരായിരുന്നല്ലൊ. ഇവിടെയാണ് ഒരു നാഴിയില്‍ മറ്റൊരു നാഴി കയറില്ലെന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.