ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിരിടങ്ങള്‍

Wednesday 25 July 2018 1:20 am IST
അടുത്തകാലത്ത് ഹൈന്ദവീയതയെയും സംസ്‌കാരത്തെയും അങ്ങേയറ്റം അപമാനിക്കാന്‍ തയ്യാറായവര്‍ക്കാണ് ആ സ്ഥാപനത്തിന്റെ വാരികയിലും പത്രത്തിലും കൂടുതല്‍ സ്ഥാനമെന്നതും കാണാതെ പോകരുത്. മറ്റുസമുദായങ്ങളുടെ വിടുപണിക്കുപോലും അഹമഹമികയാ ചാടിപ്പുറപ്പെടുന്നവര്‍ ഹൈന്ദവരെ അപമാനിക്കാന്‍ തുനിയുന്നതിലെ സാംഗത്യം സമൂഹം അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. രാമായണ മാസക്കാലത്തു തന്നെ ഹൈന്ദവരുടെ മാനബിന്ദുക്കള്‍ക്കു നേരെ കോടാലിക്കൈയാവുന്ന സമീപനമാണ് ഈ മാധ്യമസ്ഥാപനത്തിനുള്ളത്.

പുറമ്പോക്കില്‍ വളരുന്ന കായ്ഫലമുള്ള മരത്തെപ്പോലെയാണ് ഹൈന്ദവരെ ചിലര്‍ കണക്കാക്കിയിരിക്കുന്നത്. ആര്‍ക്കും കല്ലെറിയാം, ഫലങ്ങള്‍ എടുക്കാം. ചോദ്യം ചെയ്യാന്‍ ആരുമില്ല. ഈ നില എന്നും നിലനിന്നു കാണുവാന്‍ ആഗ്രഹിക്കുന്നവരെ മതേതര നിലപാടുകാര്‍ എന്നാണ് പൊതുവെ വിവക്ഷിക്കപ്പെടുന്നത്. അടുത്തിടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മൂടുപടമിട്ട് ഹൈന്ദവരെ അങ്ങേയറ്റം അപമാനിക്കാനുള്ള പ്രവണതയും ശക്തിയാര്‍ജിച്ചു. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി വേണം 'മീശ' എന്ന നോവലിലെ പരാമര്‍ശത്തെ കാണാന്‍. ആശയാഭിലാഷങ്ങളുടെ വഴിയില്‍ നിത്യശാന്തിയേകുന്ന ആലയങ്ങളായി ബഹുഭൂരിപക്ഷം കരുതുന്ന ക്ഷേത്രങ്ങളില്‍ ഉടുത്തൊരുങ്ങി പോവുന്നത് മ്ലേച്ഛകാര്യത്തിനാണെന്ന് നോവലിസ്റ്റ് ഒരു കഥാപാത്രത്തിലൂടെ പറഞ്ഞിരിക്കുകയാണ്. നാടെങ്ങും കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ നോവലിസ്റ്റിനെക്കൊണ്ട് സൃഷ്ടി പിന്‍വലിച്ച് മാധ്യമസ്ഥാപനം തടിയൂരി.

ഇക്കാര്യത്തില്‍ നോവലിസ്റ്റിനേക്കാള്‍ ഉത്സാഹത്തോടെ പൈശാചികതയ്ക്കായി അണിഞ്ഞൊരുങ്ങിനിന്ന മാധ്യമസ്ഥാപനമാണ് കുറ്റക്കാര്‍ എന്നു പറയേണ്ടിവരും. ത്യാജഗ്രാഹ്യബുദ്ധിയോടെ സംഗതികള്‍ നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കാന്‍ ഇടവരുത്തുന്ന സാഹിത്യം പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവന്‍ അറിയണം എന്നു പറയുന്നതു പോലെയായി സ്ഥിതിഗതികള്‍. നോവലിസ്റ്റിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യ മ്ലേച്ഛധാര്‍ഷ്ട്യത്തിന് തേനും വയമ്പും ഊട്ടുന്ന സമീപനമായി മാധ്യമസ്ഥാപനത്തിന്റേത്. 

എന്തെഴുതാനും സാഹിത്യകാരന് സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ അത് കൊടുക്കുന്നതില്‍ ഔചിത്യവും വിവേകവും വിവരവും അവിടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണമായിരുന്നു. നേരും നെറിയുമുള്ളവര്‍ വളര്‍ത്തി വലുതാക്കിയ സ്ഥാപനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനായി ഉത്സാഹിക്കുന്ന കൂട്ടരാണ് ഇപ്പോഴുള്ളതെന്നതിന് കൂടുതല്‍ തെളിവു തേടിപ്പോകേണ്ടതില്ല. മൂര്‍ത്തി ദേവീ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ വാങ്ങിയവര്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ് മാതൃത്വത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും സാഹിത്യത്തെ തന്നെ ആയുധമാക്കുന്നതെന്ന ആസുരികത തിറയാട്ടം നടത്തുന്നത്.

അടുത്തകാലത്ത് ഹൈന്ദവീയതയെയും സംസ്‌കാരത്തെയും അങ്ങേയറ്റം അപമാനിക്കാന്‍ തയ്യാറായവര്‍ക്കാണ് ആ സ്ഥാപനത്തിന്റെ വാരികയിലും പത്രത്തിലും കൂടുതല്‍ സ്ഥാനമെന്നതും കാണാതെ പോകരുത്. മറ്റുസമുദായങ്ങളുടെ വിടുപണിക്കുപോലും അഹമഹമികയാ ചാടിപ്പുറപ്പെടുന്നവര്‍ ഹൈന്ദവരെ അപമാനിക്കാന്‍ തുനിയുന്നതിലെ സാംഗത്യം സമൂഹം അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. രാമായണ മാസക്കാലത്തു തന്നെ ഹൈന്ദവരുടെ മാനബിന്ദുക്കള്‍ക്കു നേരെ കോടാലിക്കൈയാവുന്ന സമീപനമാണ് ഈ മാധ്യമസ്ഥാപനത്തിനുള്ളത്. 

കഴിഞ്ഞ രാമായണ മാസക്കാലത്ത് രാമായണ വ്യാഖ്യാനം വക്രീകരിച്ച് കൊടുക്കാന്‍ ഉത്സാഹം കാട്ടിയെങ്കില്‍ ഇത്തവണ ക്ഷേത്രത്തില്‍ ആരാധനയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്കെതിരെ പുലഭ്യം പറയാനാണ് തയ്യാറായത് എന്ന വ്യത്യാസമേയുള്ളൂ. എല്ലാ നിലയ്ക്കും ഹൈന്ദവ സംസ്‌കാരവും മാനബിന്ദുക്കളും തകര്‍ക്കാനുള്ള ആഗോള ഗൂഢാലോചനയ്ക്ക് ഒത്താശ ചെയ്തുകൊടുക്കാനാണ് 'സത്യം സമത്വം സ്വാതന്ത്ര്യം' എന്ന ലേബല്‍ മുഖക്കുറിയാക്കി ഈ മാധ്യമസ്ഥാപനം മുന്നിട്ടിറങ്ങിയിട്ടുള്ളത്. ഇന്നലെ പുരാണത്തെ ചവിട്ടിമെതിച്ചെങ്കില്‍ ഇന്ന് അമ്മപെങ്ങന്മാരെ അപമാനിക്കുന്നു എന്നുമാത്രം.

തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടിരിക്കുമെന്നും പെരും നുണയ്ക്ക് അതിമനോഹരമായ പുറംകവചമായിരിക്കുമെന്നും വിശ്വനാടകകൃത്ത് പറഞ്ഞത് എത്ര ശരിയെന്ന് മനസ്സിലാവാന്‍ ഈ മാധ്യമത്തിന്റെ നിലപാടുകളും നീക്കങ്ങളും ചെറുതായൊന്നു വിലയിരുത്തിയാല്‍ മതി. സരസ്വതി ദേവിയെ മോശമായ രീതിയില്‍ ചിത്രീകരിച്ചതിനെ പരാമര്‍ശിച്ച് കേരളത്തിന്റെ ക്ഷുഭിതയൗവ്വനത്തിന്റെ കവി, സോണിയയെ ഇങ്ങനെ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സ്ഥിതിയെന്ന് ചോദിച്ചത് ഇത്തരുണത്തില്‍ ഓര്‍ത്തുപോവുന്നു. 

ആവിഷ്‌കാരസ്വാതന്ത്ര്യം ഏതു മ്ലേച്ഛതയ്ക്കും കൈയൊപ്പു ചാര്‍ത്താനുള്ള പൊന്‍തൂലികയല്ലെന്ന് മനസ്സിലാക്കുന്നിടത്താണ് സംസ്‌കാരത്തിന് മുളപൊട്ടുക. അതില്ലാത്ത അധമമന:സ്ഥിതരുടെ വാറോലകള്‍ പ്രതിഷേധാഗ്‌നിയില്‍ കരിഞ്ഞുപോകുമെന്ന് ഓര്‍ത്താല്‍ ബന്ധപ്പെട്ടവര്‍ക്ക് നന്ന്. ഒരു പ്രൊഫസറുടെ കൈപ്പത്തിവെട്ടി മാറ്റിയതും മതനിന്ദയുടെ പേരില്‍ മാധ്യമസ്ഥാപനം കൈയേറിയതും ആവിഷ്‌കാരസ്വാതന്ത്ര്യമായി അത്തരക്കാര്‍ വ്യാഖ്യാനിക്കട്ട; പ്രകൃതി അവരെ സംരക്ഷിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.