റുവാണ്ടയ്ക്ക് ഇന്ത്യയുടെ 1377 കോടി വായ്പ

Wednesday 25 July 2018 1:24 am IST
റുവാണ്ടയിലെ പ്രസിഡന്റ് പോള്‍ കഗാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം, ഇന്ത്യ ഉടന്‍ തന്നെ ഇക്കാര്യം പൂര്‍ത്തിയാക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം, വികസനം, പങ്കാളിത്തം എന്നിവയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

കിഗലി : കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യവുമായി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റുവാണ്ടയ്ക്ക് 200 മില്യണ്‍ യുഎസ് ഡോളര്‍ (1377.30 കോടി രൂപ) വായ്പ നല്‍കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റുവാണ്ട സന്ദര്‍ശിക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ത്യയും റുവാണ്ടയുമായി  പ്രതിരോധ സഹകരണ കരാറിലും ഒപ്പുവച്ചു. റുവാണ്ടയിലെ കിഗലിയില്‍ ഒരു ഹൈക്കമ്മീഷന്‍ ഓഫീസ് തുറക്കാനും ധാരണയായി. 

റുവാണ്ടയിലെ പ്രസിഡന്റ് പോള്‍ കഗാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം, ഇന്ത്യ ഉടന്‍ തന്നെ ഇക്കാര്യം പൂര്‍ത്തിയാക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം, വികസനം, പങ്കാളിത്തം എന്നിവയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

100 മില്യണ്‍ യുഎസ് ഡോളര്‍ വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും കിഗലി സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ സ്ഥാപനത്തിനുമായാണ് നല്‍കുക. 100 മില്യണ്‍ യുഎസ് ഡോളര്‍ കാര്‍ഷികമേഖലയ്ക്കായി കൈമാറും. ഹൈക്കമ്മീഷന്‍ സ്ഥാപിക്കുന്നതോടെ സര്‍ക്കാരുകള്‍ക്കിടയില്‍ ആശയവിനിമയം നടത്തുക മാത്രമല്ല, കോണ്‍സുലേറ്റ്, പാസ്‌പോര്‍ട്ട്, വിസാ സൗകര്യങ്ങളും യാഥാര്‍ഥ്യമാവും, മോദി സംയുക്ത പത്രക്കുറിപ്പില്‍ പറഞ്ഞു. റുവാണ്ടയുടെ സാമ്പത്തിക വികസന യാത്രയില്‍ ഇന്ത്യ ഒപ്പമുണ്ടാകും. റുവാണ്ടയുടെ വികസനത്തിന് ഇന്ത്യയുടെ സഹകരണം തുടരുമെന്നും മോദി പറഞ്ഞു.

പ്രതിരോധം, വ്യാപാരം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ സഹകരണ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, വ്യവസായം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കും. തുകല്‍ വ്യവസായവും അനുബന്ധമേഖലകളും, ക്ഷീര വികസനം, കാര്‍ഷിക ഗവേഷണം തുടങ്ങിയ മേഖലകളില്‍  റുവാണ്ട അഗ്രികള്‍ച്ചറല്‍ ബോര്‍ഡും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും  ധാരണാപത്രം ഒപ്പിട്ടു.

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.