ഓഖി: കേരളത്തിന് അനുവദിച്ചത് 379 കോടി

Wednesday 25 July 2018 1:28 am IST
ഓഖി ദുരന്തത്തിലെ നഷ്ടം കണക്കാക്കി അടിയന്തര നടപടികള്‍ക്കായി 431.37 കോടി രൂപയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 7304 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ട് രണ്ട് നിവേദനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

ന്യൂദല്‍ഹി: ഓഖി ദുരന്തം നേരിടാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളത്തിന് 379.13 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കേരളം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 169.63 കോടി അനുവദിച്ചിരുന്നു. ഇതിന് പുറമെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകളില്‍ നിന്ന് ദുരിതബാധിതരെ സഹായിക്കുന്നതിന് 209.50 കോടി രൂപ വിതരണം ചെയ്തതായും  കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. 

ഓഖി ദുരന്തത്തിലെ നഷ്ടം കണക്കാക്കി അടിയന്തര നടപടികള്‍ക്കായി 431.37 കോടി രൂപയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 7304 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ട് രണ്ട് നിവേദനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്, ദേശീയ ദുരന്ത നിവാരണ ഫണ്ട് എന്നിവയില്‍നിന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഉടനടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതില്‍നിന്നും സഹായം അനുവദിക്കുന്നത്. 

സംസ്ഥാന സര്‍ക്കാരുകളുടെ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മന്ത്രിതല സമിതി സന്ദര്‍ശനം നടത്തി നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 2018 ഫെബ്രുവരി 26നും മെയ് 14നും ഉന്നതതല സമിതി യോഗം ചേരുകയും സാമ്പത്തിക സഹായത്തിന് അനുമതി നല്‍കുകയും ചെയ്തു. കേരളത്തിന് 169.63 കോടിയും തമിഴ്‌നാടിന് 133.05 കോടിയും ലക്ഷദ്വീപിന് 2.16 കോടിയുമാണ് അനുവദിച്ചത്. ദുരന്തത്തിനിരയായവരുടെ ആശ്വാസ പ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നും 133 കോടിയും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും  76.50 കോടിയും ഉള്‍പ്പെടെ 209.50 കോടി രൂപ വിതരണം ചെയ്തു. തമിഴ്‌നാടിന് 413.55 കോടിയും ലക്ഷദ്വീപിന് 15 കോടിയും നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അതാത് സംസ്ഥാനങ്ങളാണ് നടപ്പാക്കുന്നതെന്നതിനാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രത്തിന്റെ പക്കല്‍ ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.