കാത്തിരുപ്പിന് അറുതി; ആന്റണി ആല്‍ബര്‍ട്ട് ഇനി ഓര്‍മ്മകളില്‍

Wednesday 25 July 2018 1:28 am IST

കുണ്ടറ: ഉറ്റവരുടെ കാത്തിരുപ്പിന് അറുതി. ഇനി ഓര്‍മകളില്‍ ആന്റണി ആല്‍ബര്‍ട്ട് ജീവിക്കും. രണ്ട് മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നു റിയാദില്‍ മരിച്ച മങ്ങാട് സിയോണില്‍ ആന്റണി ആല്‍ബര്‍ട്ടിന്റെ (57) മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു.

രാവിലെ 7.30ന് ജെറ്റ് എയര്‍വേയ്‌സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം 12 മണിയോടെ വീട്ടിലെത്തിച്ചു.—

വൈകിട്ട് 3.30ന് മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം. 28 വര്‍ഷമായി സൗദിയില്‍ അല്‍ഖോബാറിലെ നാസര്‍ ഹസാദ് ആന്‍ഡ് ബ്രദേഴ്‌സ് കമ്പനിയില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്ന ആന്റണി ആല്‍ബര്‍ട്ട് മെയ് 22ന് അവിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

കമ്പനി  ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടതും എംബാമിനുള്ള പണം കമ്പനി എംബസിയില്‍ അടയ്ക്കാതിരുന്നതും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കാലതാമസം വരുത്തി. 

സൗദിയില്‍ ജോലിക്കാരായ ആന്റണിയുടെ ഭാര്യാ സഹോദരന്‍ ബെന്‍സിലി ജോണ്‍സണും സഹോദരീ ഭര്‍ത്താവ് പി.ടി. റെജിമോനും സര്‍ക്കാര്‍ ഓഫീസുകളെ ഇക്കാര്യം അറിയിച്ചു. 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങും നോര്‍ക്കയും വിഷയത്തില്‍ ഇടപെട്ടതോടെ ആനുകൂല്യമായി നല്‍കാനുള്ള 14 ലക്ഷം രൂപ കമ്പനി അടച്ചു. എന്നാല്‍ എംബാമിനുള്ള തുക കമ്പനി അടയ്ക്കില്ലെന്ന് വാശി പിടിച്ചു. 

സന്നദ്ധ സംഘടനകള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആന്റണി ജോലി ചെയ്തിരുന്ന അല്‍ഖോബാറിലെ സ്വകാര്യ കമ്പനി പണം അടച്ചതോടെയാണ് മൃതശരീരം എത്തിക്കാന്‍ കഴിഞ്ഞത്. ലിറ്റില്‍ഫ്‌ളവറാണ് ആന്റണിയുടെ ഭാര്യ. മക്കള്‍: അലീന, ആല്‍ബര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.