പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ മാത്രമല്ല: തേജസ്വി

Wednesday 25 July 2018 1:29 am IST

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിന് പ്രതിസന്ധിയായി പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാനമന്ത്രി പദമോഹികള്‍. രാഹുല്‍ ഗാന്ധി മാത്രമല്ല പ്രധാനമന്ത്രി പദത്തിന് യോഗ്യനെന്ന് ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രസ്താവിച്ചു. സീറ്റു വിഭജനത്തില്‍ തങ്ങള്‍ ആവശ്യപ്പെടുന്നത് ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കൂ എന്ന് ബിഎസ്പി നേതാവ് മായാവതിയും വ്യക്തമാക്കി. 

വിശാല പ്രതിപക്ഷ ഐക്യം ലോക്‌സഭയില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ കക്ഷികളെ യോജിപ്പിക്കുകയെന്നത് കോണ്‍ഗ്രസ്സിന് തലവേദനയായി മാറി. പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി പദത്തിന് യോഗ്യനായ ഏക വ്യക്തി രാഹുല്‍ഗാന്ധി മാത്രമല്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരദ് പവാര്‍, ബിഎസ്പി നേതാവ് മായാവതി എന്നിവരെല്ലാം പ്രധാനമന്ത്രി പദത്തിനര്‍ഹരായ വ്യക്തികളാണെന്നും തേജസ്വി പറഞ്ഞു. എന്നാല്‍ ഇവരെയെല്ലാം യോജിപ്പിക്കാന്‍ രാഹുലിനായാല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാമെന്നും തേജസ്വി പറഞ്ഞു. 

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ബിഎസ്പി കടുംപിടുത്തം തുടരുന്നതിന്റെ ഭാഗമായാണ് സീറ്റ് ലഭിക്കുന്നതിനനുസരിച്ച് മാത്രമേ സഖ്യമുണ്ടാകൂ എന്ന് മായാവതി വ്യക്തമാക്കിയത്. സഖ്യത്തിനില്ലെന്നും മധ്യപ്രദേശിലെ 230 സീറ്റുകളിലും ബിഎസ്പി തനിച്ച് മത്സരിക്കുമെന്നുമാണ് നിലവിലെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.