റൊണാള്‍ഡോയെ നേരിടാന്‍ ഇന്ററിന് മെസിയോട് ഇന്ററസ്റ്റ്

Wednesday 25 July 2018 1:33 am IST

മിലാന്‍: ഇറ്റാലിയന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഇപ്പോള്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോ യുവന്റസിലെത്തിയതായിരുന്നു ലോകകപ്പിനു ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ ട്രാന്‍സ്ഫര്‍ വാര്‍ത്ത. ഇതോടെ ഇറ്റാലിയന്‍ ഫുട്‌ബോളില്‍ യുവന്റസിന്റെ ഏറ്റും കടുത്ത എതിരാളികളായ ഇന്റര്‍ മിലാന്‍ പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കുകയാണ്.

സാക്ഷാല്‍ ലയണല്‍ മെസിയെത്തന്നെ മിലാന്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇറ്റലിയിലെ പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് പത്രങ്ങള്‍ മിലാന്റെ നീക്കങ്ങള്‍ പ്രധാന വാര്‍ത്തയാക്കിയിരിക്കുന്നു. എന്നാല്‍ കളത്തിനു പുറത്തും ബാഴ്‌സലോണയോടു പ്രത്യേക കടപ്പാടുകളുള്ള മെസി സ്പാനിഷ് ക്ലബ്ബ് വിട്ടു പോരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ കാലത്ത് ബ്രസീലിയന്‍ താരം നെയ്മറിനെ നഷ്ടപ്പെട്ട ബാഴ്‌സ മെസിയെക്കൂടി വിട്ടു കൊടുക്കുന്ന തരത്തിലുള്ള മണ്ടത്തരം കാട്ടില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

മെസിയുടെ ഏജന്റുമായി ഇന്റര്‍ മിലാന്‍ ബന്ധപ്പെട്ടു എന്നാണ് വാര്‍ത്ത. അതേസമയം, മെസിയെ കൊണ്ടുവരാന്‍ പാകത്തിനുള്ള സാമ്പത്തിക നീക്കത്തിന് മിലാന് ഇപ്പോള്‍ കഴിയുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. 

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ, ലോകകപ്പിന്റെ വേദനകള്‍ മറന്ന് കുടുംബത്തിനൊപ്പം മെഡിറ്ററേനിയന്‍ ദ്വീപായ ഇബിസയില്‍ ഒഴിവുകാലം ആസ്വദിക്കുകയാണ് മെസി. ഭാര്യ റോക്കുസോയും മക്കളും മെസിക്കൊപ്പമുണ്ട്. പുതിയ ലാ ലിഗാ സീസണ്‍ തുടങ്ങുന്നതിനു മുമ്പുള്ള ഒഴിവുകാലമാണിത്. ഈ മാസം അവസാനം മെസി ബാഴ്‌സക്കൊപ്പം ചേരുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.