ശബരിമലയിലെ സ്ത്രീ പ്രവേശനം; ബോര്‍ഡിന് നിലപാടില്ലെന്ന് സുപ്രീംകോടതി

Wednesday 25 July 2018 1:29 am IST
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ പറഞ്ഞപ്പോഴാണ് നിലപാട് മാറ്റത്തെ കോടതി വിമര്‍ശിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ഇടതു സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇടതുപക്ഷ നേതാക്കള്‍ അംഗങ്ങളായ പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും ഇതേ നിലപാടാണ് സ്വീകരിച്ചത്.

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് സുപ്രീംകോടതി.   ബോര്‍ഡിന് കൃത്യമായ നിലപാടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. മാസത്തില്‍ അഞ്ചു ദിവസം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ഹൈക്കോടതിയിലെ നിലപാട് ദേവസ്വം ബോര്‍ഡ് മാറ്റിയതിനെ സുപ്രീംകോടതി ചോദ്യം ചെയ്തു. 

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ പറഞ്ഞപ്പോഴാണ് നിലപാട് മാറ്റത്തെ കോടതി വിമര്‍ശിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ഇടതു സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇടതുപക്ഷ നേതാക്കള്‍ അംഗങ്ങളായ പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. എങ്കിലും ഇന്നലെ നടന്ന വാദത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ബോര്‍ഡ് അഭിഭാഷകര്‍ എതിര്‍ത്തത് ശ്രദ്ധേയമായി. 

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും മുസ്ലിം പള്ളികളിലടക്കം സ്ത്രീ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടെന്നും ബോര്‍ഡ് വാദിച്ചു. മുസ്ലിം പള്ളികളിലടക്കം വിവിധ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ട്. സ്ത്രീ എന്നതു മാത്രമല്ല ശബരിമലയിലെ വിലക്കിന്റെ അടിസ്ഥാനമെന്നും ബോര്‍ഡ് വാദിച്ചു. 

ഭരണഘടനാപരമായ ധാര്‍മ്മികത പരിശോധിച്ചാല്‍ ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത് മൗലികാവകാശ ലംഘനമാണ്. നിലവിലെ ആചാരങ്ങള്‍ക്ക് പരമാവധി അമ്പതു വര്‍ഷത്തെ പഴക്കം മാത്രമേയുള്ളെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ പറഞ്ഞു. 95 ശതമാനം സ്ത്രീകളും നിയന്ത്രണങ്ങള്‍ അംഗീകരിക്കുന്നതായും അഞ്ചു ശതമാനത്തിന് മാത്രമേ വിയോജിപ്പുള്ളൂ എന്നുമുള്ള ബോര്‍ഡിന്റെ വാദത്തെയും കോടതി തള്ളി. സ്ത്രീകള്‍ വിട്ടുനില്‍ക്കുന്നതിന് കാരണം അവരുടെ മാനസിക നിലയാണെന്നും കോടതി കുറ്റപ്പെടുത്തി. 

ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനമെന്ന ബോര്‍ഡിന്റെ വാദത്തെ കോടതി എതിര്‍ത്തു. ചില പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പറയുന്ന കാര്യം വ്രതമാണ്. സ്ത്രീകള്‍ക്ക് വ്രതമെടുക്കാന്‍ പാടില്ലേയെന്നും അവര്‍ക്കതിനുള്ള ഭരണഘടനാപരമായ അവകാശമില്ലേയെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആരാഞ്ഞു. 

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള വാദം ഇന്നും തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.