കരുനാഗപ്പള്ളി: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഏഴു വയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു. ശൂരനാട് നോര്‍ത്ത് ചെപ്പള്ളി തെക്കതില്‍ അനീഷിന്റെ രണ്ടാം ഭാര്യ ആര്യ ആണ് കുട്ടിയെ പീഡിപ്പിച്ചത്.
ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷിന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിര ആയത്. ബന്ധം ഒഴിയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കുകയാണിയാള്. ആദിത്യവിലാസം എല്‍പിഎസ്സിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി കഴിഞ്ഞ ഒരാഴ്ച ആയി സ്കൂളില്‍ എത്തുന്നുണ്ടായിരുന്നില്ല. കുട്ടിയുടെ കാലിലെ പാടുകണ്ട അദ്ധ്യാപിക വിവരം തിരക്കിയപ്പോള്‍ കുട്ടി കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
സംശയം തോന്നിയ അധ്യാപിക പരിശോധിച്ചപ്പോഴാണ് വയറിലും, കാലിലും മറ്റുമായി പൊള്ളലേറ്റ പതിനൊന്നോളം പാടുകള്‍ കണ്ടത്. തുടര്‍ന്ന് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു വെച്ചതാണെന്നു പറഞ്ഞത്. പുറത്ത് അറിയാതിരിക്കാന്‍ അച്ഛന് മുറിവില്‍ തേന്‍ തേച്ചു തരുമെന്ന് കുട്ടി പറഞ്ഞു. മുറിവിന് ഒരാഴ്ച പഴക്കം വരും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും പോലീസിനേയും അധ്യാപകര്‍ വിവരമറിയിച്ചു. അച്ഛനേയും രണ്ടാനമ്മയേയും പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: