പേറ്റുനോവിന്റെ നൊമ്പരം; വാര്‍ധക്യത്തിലും തളരാതെ അമ്മ

Wednesday 25 July 2018 1:56 am IST
പതിമൂന്ന് വര്‍ഷമായി കാലടി നെടുങ്കാട് മണ്ണടി ശിവശൈലത്തിലെ തുളസിത്തറയില്‍ മുടങ്ങാതെ വിളക്ക് വച്ച് അമ്മ പ്രാര്‍ത്ഥിക്കാറുണ്ട്. വാര്‍ധക്യത്തില്‍ തന്നെ സംരക്ഷിക്കേണ്ട ഏക മകനെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണേയെന്ന് ഒടുവില്‍ നീതിദേവത അമ്മയുടെ പ്രാര്‍ത്ഥനകേട്ടു. കൊല്ലിച്ചവരും കൊലപ്പെടുത്തിയവരും കുറ്റക്കാരെന്ന് സിബിഐ കോടതിയുടെ വിധി.

തിരുവനന്തപുരം: അമ്മ നല്‍കിയ  പണവും ആക്രിക്കടയില്‍ നിന്നും ലഭിക്കുന്ന തുശ്ചമായ വേതനവും  ഉപയോഗിച്ച്  തനിക്കും അമ്മയ്ക്കും ഓണക്കോടി വാങ്ങാന്‍ പോയതാണ്  ഉദയകുമാര്‍. എന്നാല്‍ അമ്മ പ്രഭാവതിയ്ക്ക്  ലഭിച്ചതാകട്ടെ മകന്റെ ചേതനയറ്റ ശരീരവും.  നീതി തേടി അമ്മ പ്രഭാവതിക്ക്  ഹൈക്കോടതി വരെ പോകേണ്ടി വന്നു. 

  പതിമൂന്ന് വര്‍ഷമായി കാലടി നെടുങ്കാട് മണ്ണടി ശിവശൈലത്തിലെ തുളസിത്തറയില്‍ മുടങ്ങാതെ വിളക്ക് വച്ച് അമ്മ പ്രാര്‍ത്ഥിക്കാറുണ്ട്. വാര്‍ധക്യത്തില്‍ തന്നെ സംരക്ഷിക്കേണ്ട ഏക മകനെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണേയെന്ന്  ഒടുവില്‍  നീതിദേവത അമ്മയുടെ പ്രാര്‍ത്ഥനകേട്ടു. കൊല്ലിച്ചവരും കൊലപ്പെടുത്തിയവരും  കുറ്റക്കാരെന്ന് സിബിഐ കോടതിയുടെ വിധി. 

2005 സെപ്തംബര്‍ 27നായിരുന്നു  ശ്രികണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന്  ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാരായ ജിതകുമാറും ശ്രീകുമാറും, ഉദയകുമാറിനെയും സഹായി സുരേഷ്‌കുമാറിനെയും   കസ്റ്റഡി ല്‍ എടുത്തത്.  ആക്രിക്കട തൊഴിലാളിയാണ് ഉദയകുമാര്‍.  മോഷണക്കുറ്റമായിരുന്നു ആരോപിച്ചിരുന്നത്. ഉദയകുമാറിനെ പൈപ്പ് ഉപയോഗിച്ച് പലവട്ടം ശരീരമാസകലം  ഉരുട്ടി. മൃതപ്രായനായി കിടന്ന് വിലപിച്ചിട്ടും  വെള്ളം  നല്‍കിയില്ല. പോലീസ് പിടികൂടുമ്പോള്‍ ഉദയകുമാറിന്റെ കൈവശം 4020 രൂപ ഉണ്ടായിരുന്നു.

  ഈ പണം എവിടെ നിന്ന് മോഷ്ടിച്ചു എന്ന് കണ്ടെത്താനായിരുന്നു  ഉരുട്ടല്‍. ആക്രിക്കടയില്‍ നിന്ന് കിട്ടിയ പണവും അമ്മയ്ക്ക് അംഗന്‍വാടിയില്‍ നിന്ന് ലഭിച്ച ബോണസുമാണെന്നും  പറഞ്ഞിട്ടും ഉരുട്ടുകാര്‍ ചെവിക്കൊണ്ടില്ല. രാത്രിയോടെ സ്റ്റേഷനില്‍ വച്ച് ഉദയകുമാര്‍ മരിച്ചു.   മകനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു  പറഞ്ഞ് പോലീസ് തന്നെ പിറ്റേന്ന്  പ്രഭാവതി  ജോലി ചെയ്യുന്ന അംഗന്‍വാടിയില്‍ എത്തി അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍  മകന്റെ ചേതനയറ്റ ശരീരമാണ് അവര്‍ കണ്ടത്. നൊന്തു പെറ്റ അമ്മ അലമുറയിട്ട് കരഞ്ഞപ്പോള്‍ കേരളം അമ്മയുടെ വിലാപം ഏറ്റെടുത്തു. എന്നാല്‍  തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവരും കൈവിട്ടു. പിന്നീടുള്ള നിയമപോരാട്ടം  ഏകയായി. 

ചെങ്കോട്ടുകോണം ആശ്രമത്തിലെ അംഗന്‍വാടിയില്‍ ആയയായ  സമയത്താണ് മകന്റെ മരണം. അടച്ചുറപ്പില്ലാത്ത വീടിനു പകരം ഇന്ന് കിടന്നുറങ്ങാന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ കോണ്‍ക്രീറ്റ് വീടുണ്ട്. എന്നാല്‍ പ്രഭാവതിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. മര്‍ദനത്തെ തുടര്‍ന്ന്  വേദനയെടുത്ത് പുളഞ്ഞ മകന്റെ നിലവിളിയോര്‍ത്ത്.  കോടതി വരാന്തയിലും  അമ്മ അലമുറിയിട്ട് കരയുമ്പോഴും കൂടെ നിന്നവര്‍ ആശ്വസിപ്പിക്കുന്നുണ്ട് കുറ്റക്കാര്‍ ഇരുമ്പഴികളിലായെന്ന്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.