മോദി സര്‍ക്കാരിന്റെ നേട്ടം; ഒന്‍പതു മാസം കൊണ്ട് 45 ലക്ഷം പേര്‍ക്ക് തൊഴില്‍

Wednesday 25 July 2018 2:16 am IST
എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റ് രേഖകളാണ് സത്യം വിളിച്ചോതുന്നത്. സപ്തംബര്‍ മുതല്‍ മെയ് വരെയായി 41,26,138 പേരാണ് പുതുതായി പിഎഫ്, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ചേര്‍ന്നത്. ഇക്കഴിഞ്ഞ മെയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇവയില്‍ അംഗങ്ങളായത്, 7,43,608 പേര്‍. ഇവരില്‍ 2,51,526 പേരും 18നും 21നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

ന്യൂദല്‍ഹി; വിമര്‍ശകരുടെയും പ്രതിപക്ഷത്തിന്റെയും വായ അടപ്പിച്ച് തൊഴില്‍  രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ച്  നരേന്ദ്ര മോദി സര്‍ക്കാര്‍. 2017 സപ്തംബര്‍ മുതല്‍ 2018 മെയ് വരെയുള്ള ഒന്‍പതു മാസം കൊണ്ട് 44,74,859 തൊഴിലുകളാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റ് രേഖകളാണ്  സത്യം വിളിച്ചോതുന്നത്.    സപ്തംബര്‍ മുതല്‍ മെയ് വരെയായി 41,26,138 പേരാണ് പുതുതായി  പിഎഫ്, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ചേര്‍ന്നത്. ഇക്കഴിഞ്ഞ മെയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇവയില്‍ അംഗങ്ങളായത്, 7,43,608 പേര്‍. ഇവരില്‍ 2,51,526 പേരും 18നും 21നും ഇടയ്ക്ക് പ്രായമുള്ളവരാണ്. 1,90,090 പേര്‍ 22നും 25നും ഇടയ്ക്കുള്ളവരും. ഈ കണക്ക് താല്‍ക്കാലികമാണെന്നും വരും മാസങ്ങളിലും ഇവ പുതുക്കുമെന്നും അധികൃതര്‍ പറഞ്ഞു. കൃത്യമായ കണക്ക് വരുന്നതോടെ ജോലി ലഭിച്ചവരുടെ എണ്ണം കൂടുമെന്നാണ് സൂചന. താല്‍ക്കാലിക ജീവനക്കാരുടെ എണ്ണവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ വര്‍ഷം മുഴുവന്‍ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ലെന്നും അവര്‍ പറഞ്ഞു.

 ഇപിഎഫ്, ഇഡിഎല്‍ഐ, എംപ്‌ളോയീസ് പെന്‍ഷന്‍ തുടങ്ങി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്. പത്തു ലക്ഷം കോടി ഫണ്ട് കൈാര്യം ചെയ്യുന്ന  ആറു കോടി അംഗങ്ങളുള്ള കേന്ദ്ര സംഘടനയാണിത്.

തൊഴില്‍ മേഖലയില്‍ മോദി സര്‍ക്കാര്‍ ഒരു നേട്ടവും കൈവരിച്ചിട്ടില്ലെന്നാണ് വിമര്‍ശകര്‍ പറഞ്ഞിരുന്നത്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ കളവാണെന്ന് രേഖകള്‍ തന്നെ വെളിവാക്കുന്നു.

ഓരോ മാസവും ഇപിഎഫുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ അംഗങ്ങളാകുന്നവരുടെ പട്ടിക തയാറാക്കുന്നുണ്ട്. ഇതില്‍ താല്‍ക്കാലിക ജോലിക്കാരും പെടും. പുതുതായി ജോലി ലഭിക്കുന്നവരാണ് പുതുതായി പദ്ധതികളില്‍ അംഗങ്ങളാകുന്നതും.

ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം 70 ലക്ഷം തൊഴിലെങ്കിലും സൃഷ്ടിക്കുന്നുണ്ടെന്നാണ്  ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും  എസ്ബിഐയും നടത്തിയ  സംയുക്ത പഠനത്തില്‍ കണ്ടെത്തിയത്. അവരും ഇപിഎഫ്ഒ ഡേറ്റകള്‍ പഠനത്തിന് ഉപയോഗിച്ചിരുന്നു.

തൊഴിലില്ലാത്ത വളര്‍ച്ചയെന്നത് തെറ്റ്

തൊഴിലില്ലാത്ത വളര്‍ച്ചയെന്നാണ് പലരും മോദി സര്‍ക്കാരിനെ അപഹസിച്ചത്. എന്നാല്‍, അത് തീര്‍ത്തും തെറ്റു തന്നെയാണെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പുലക് ഘോഷും എസ്ബിഐ മുഖ്യസാമ്പത്തിക ഉപദേശകന്‍ സൗമ്യ കാന്തി ഘോഷും ഗവേഷണത്തില്‍ കണ്ടെത്തിയത്. 

ഡേറ്റ ശേഖരിച്ച് കണക്കുകളില്‍ ഒരാവര്‍ത്തനവും വരുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു ഇവരുടെ പഠനം. 2017 ആഗസ്റ്റ് മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ 31 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഇപിഎഫ്ഒയുടെ കണക്ക്. സമ്പദ് വ്യവസ്ഥ 7.75 ശതമാനം വളരുന്നുവെന്നാണ് കണക്ക്. അതുവച്ചു നോക്കിയാലും  പ്രതിവര്‍ഷം 60 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.